നഗരസഭയും എംഎൽഎയും തിരിഞ്ഞുനോക്കുന്നില്ല
ആലുവ മാർക്കറ്റ് നിർമാണം നിലച്ചു

ആലുവ മാർക്കറ്റിന്റെ നിർമാണം സ്തംഭിച്ചനിലയിൽ
ആലുവ
ആലുവയുടെ സ്വപ്നപദ്ധതിയായ 50 കോടി ചെലവിൽ നിർമിക്കുന്ന ആലുവ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണം നിലച്ചു. പെരിയാറിന്റെ തീരത്ത് നഗരസഭയുടെ സ്ഥലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണ് നാല് നിലകളിലായി മാർക്കറ്റ് നിർമിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായ പൈലിങ് ജോലികൾ സെപ്തംബർ 29 മുതൽ നടക്കുന്നില്ല. പണി നിർത്തിവച്ചത് റെഡിമിക്സ് ലഭിക്കാത്തതിനാലാണെന്ന് അധികൃതർ പറയുന്നു. പൈലിങ് നടത്തിയ മണ്ണ് ഇതിനിടെ മറ്റൊരു കരാറുകാരൻ കയറ്റി കൊണ്ടുപോയത് നഗരസഭാധികൃതർ അറിഞ്ഞില്ല. 2014ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കല്ലിട്ട മാർക്കറ്റിന്റെ നിർമാണം നിലച്ചു. നിർമാണത്തിന്റെ പേരിൽ കച്ചവടക്കാരിൽനിന്നടക്കം ഭീമമായ തുക ഈടാക്കിയെങ്കിലും ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ നഗരസഭക്കോ യുഡിഎഫ് എംഎൽഎ, എംപിമാർക്കോ കഴിഞ്ഞില്ല. പത്ത് വർഷം ഒന്നും ചെയ്യാതെ കടന്നുപോയി. മാർക്കറ്റിൽ വച്ച് ബീഹാർ ബാലിക ക്രൂരമായപീഡനം ഏറ്റുവാങ്ങി മരിച്ചതോടെയാണ് മാലിന്യം നിറഞ്ഞ ആലുവ മാർക്കറ്റിന്റെ സ്ഥിതി പുറംലോകം അറിഞ്ഞത്.
തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപ്പെട്ട് മുടങ്ങിപ്പോയ പദ്ധതി പുതിയ രൂപകൽപനയിൽ 2025 മേയ് 27ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കല്ലിട്ടു. 11 മാസത്തിനകം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. യുഡിഎഫ് സർക്കാർ വന്നതോടെ ആഗസ്ത് 30നുള്ളിൽ 180 പൈലിങ് പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും 25 എണ്ണമേ നടന്നിട്ടുള്ളു. അൻവർ സാദത്ത് എംഎൽഎ ഉദ്യോഗസ്ഥരുടെ അവലോകനയോഗം നടത്തിയെങ്കിലും പണിമാത്രം നടക്കുന്നില്ല. നഗരസഭയ്ക്ക് നയാപൈസ ചെലവില്ലാതെ മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കായ പദ്ധതി വൈകുന്നതിൽ പ്രതിഷേധത്തിലാണ് കച്ചവടക്കാർ.








0 comments