കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങൾ സമാപിച്ചു
കാർണിവൽ ‘മൂഡി’ന് പരിസമാപ്‌തി

പുതുവർഷ തുടക്കത്തിൽ ഫോർട്ട് കൊച്ചിയിൽ നടന്ന കൊച്ചിൻ കാർണിവൽ റാലിയിൽനിന്ന്
കൊച്ചി/മട്ടാഞ്ചേരി
പൈതൃകനഗരമായ ഫോർട്ട് കൊച്ചിയുടെ സംസ്‌കാരത്തെ അടയാളപ്പെടുത്തിയ റാലിയോടെ 42–ാമത് കൊച്ചിന്‍ കാര്‍ണിവലിന് പരിസമാപ്‌തി. വെളി ഗ്രൗണ്ട് പരിസരത്തുനിന്ന് ആരംഭിച്ച വർണശബളമായ റാലിക്ക് മേയർ വി കെ മിനിമോള്‍ തിടമ്പ് കൈമാറി. ‘പടിഞ്ഞാറേക്കര മണികണ്ഠൻ’ എന്ന റോബോട്ടിക് ആനയാണ് തിടമ്പേറ്റിയത്.
പഞ്ചവാദ്യത്തിന്റെയും ചെണ്ടയുടെയും അകമ്പടിയോടെ കാവടി, പരിചമുട്ടുകളി, കോൽക്കളി തുടങ്ങിയവയും കലാരൂപങ്ങളും റാലിക്ക് നിറച്ചാർത്തേകി. 26 ഏകാംഗ പ്രച്ഛന്നവേഷവും 20 സംഘ പ്രച്ഛന്നവേഷവും 10 നിശ്ചലദൃശ്യങ്ങളും അണിനിരന്നു.

പ്രച്ഛന്നവേഷങ്ങളിലൊന്ന് കാഴ്ചക്കാരുമായി സൗഹൃദസംഭാഷണത്തിൽ
സിംഗിൾ ഫാൻസിഡ്രസിൽ മായാവി ഉൾപ്പെടെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളും സുഭാഷ് ചന്ദ്രബോസ്, വിവേകാനന്ദൻ, മാർപാപ്പ, കാളിയമര്‍ദനം, നരഭോജി, ജോക്കർ, കൊച്ചുനാഗവല്ലി തുടങ്ങിയവ ശ്രദ്ധേയമായി. ഫാൻസി ഗ്രൂപ്പിൽ എമ്പുരാൻ സിനിമയിലെ കഥാപാത്രങ്ങളും ശ്രീനാരായണഗുരുവും കുമാരനാശാനും, പരശുരാമനും ധരണിയും, റിക്ഷാവാല, മൊബൈല്‍ ഫോണിന്റെ ദൂഷ്യവശം, പുരാതന റോമൻ വിവാഹം തുടങ്ങിയവ കാണികളുടെ കൈയടിവാങ്ങി. നിശ്ചലദൃശ്യങ്ങളിൽ സിൽവെസ്റ്റർ ടീമിന്റെ ‘വേട്ടയാടപ്പെടുന്ന മനുഷ്യർ’, ആതിര ആർട്‌സിന്റെ ‘കള്ളിയങ്കാട്ട് നീലി’, ഫിനിക്സ് കൊച്ചിയുടെ ‘യുദ്ധനിഴലിലെ ബാല്യങ്ങൾ’, ‘പേവിഷമുക്ത കൊച്ചി’ തുടങ്ങിയവ ശ്രദ്ധനേടി.
റാലി കാണുന്നതിനായി ആയിരങ്ങളാണ് റോഡിന്റെ ഇരുവശവും കാത്തുനിന്നത്. ചിരിയും ചിന്തയുമുണർത്തിയ കലാപ്രകടനങ്ങൾ പുതുവർഷത്തുടക്കം ആവേശമാക്കി.
ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, കൗണ്‍സിലര്‍മാരായ പി ജെ ദാസന്‍, സുഹാന സുബൈര്‍, ഷൈനി മാത്യു, മഞ്ജുള അനില്‍കുമാര്‍, ബാസ്റ്റിന്‍ ബാബു, നിഷ ജോസഫ്, ലിസി സുമി, ജോസഫ് ഫെര്‍ണാണ്ടസ്, പ്രിയ പ്രശാന്ത്, ലവിത നെൽസൺ എന്നിവര്‍ നേതൃത്വം നല്‍കി. റാലി വൈകിട്ട് 6.30 ഓടെ ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് സമാപിച്ചു. തുടർന്ന് ഡിജെയും അരങ്ങേറി.










0 comments