മധ്യകേരളത്തിലെ അർബുദബാധിതരുടെ ആശ്രയകേന്ദ്രമാകും : പി രാജീവ്
കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ; ലോകോത്തര അർബുദ ചികിത്സാസൗകര്യങ്ങള്‍ ഇനി ഒരു കുടക്കീഴില്‍

കൊച്ചി
അർബുദ ചികിത്സാരംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ (സിസിആർസി).അർബുദ ചികിത്സാ, ഗവേഷണ രംഗത്തെ പുതിയ മുന്നേറ്റമായ കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റർ ദീർഘകാലമായ ആവശ്യമായിരുന്നു. മന്ത്രി പി രാജീവ് നടത്തിയ ഇടപെടലിൽ കൊച്ചിൻ ക്യാൻസർ സെന്ററിനായി കിഫ്‌ബിയിൽനിന്ന് തുക അനുവദിച്ചു. പ്രാദേശികമായി നേരിട്ട പ്രശ്‌നങ്ങളും നിയമക്കുരുക്കുകളും മറികടക്കാൻ അദ്ദേഹം നിരന്തരമായി ശ്രമിച്ചതിന്റെ ഫലംകൂടിയാണ് യാഥാർഥ്യമാകുന്നത്.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ 12.63 ഏക്കറിൽ 6.35 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒന്പതുനില കെട്ടിടമാണിത്. 16 ലിഫ്റ്റ്, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കായി 12 ഓപ്പറേഷന്‍ തിയറ്ററുകൾ, 550 കാറുകള്‍ക്ക് പാര്‍ക്കിങ്, ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയക്കായും പ്രത്യേക സൗകര്യമുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്കുമാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്. 360 കിടക്കകളുള്ള ക്യാൻസർ സെന്ററിൽ ആദ്യഘട്ടത്തിൽ 100 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. 159 പുതിയ തസ്‌തികകൾക്കും സർക്കാർ അനുമതി നൽകി.
സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ തുടങ്ങിയവയ്ക്ക് ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളുമുണ്ട്. എഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തുന്നു. മികച്ച രൂപകൽപ്പനയ്‌ക്കുള്ള എഡ്ജ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന കേരളത്തിലെ ആദ്യ ആശുപത്രിക്കെട്ടിടമാണ്. വൈദ്യുതി പൂര്‍ണമായും സോളാര്‍ സംവിധാനത്തിലാണ്.

കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ സിടി സ്കാൻ മെഷീൻ
മന്ത്രി പി രാജീവിന്റെ കൈയൊപ്പ് പതിഞ്ഞ പദ്ധതി
അഭിപ്രായ രൂപീകരണംമുതൽ ഓരോ പടിയിലും എംപിയായും മന്ത്രിയായുമൊക്കെ പി രാജീവിന്റെ കൈയൊപ്പ് പതിഞ്ഞ പദ്ധതിയായിരുന്നു കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സിസിആർസി). അർബുദ ചികിത്സയ്‌ക്ക് മധ്യകേരളത്തിൽ ഒരു കേന്ദ്രം വേണമെന്ന ആവശ്യം കൊച്ചി നഗരവികസന സമിതിയാണ് ആദ്യം ഉന്നയിച്ചത്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരായിരുന്നു സമിതി ചെയർമാൻ. അന്ന് എംപിയായിരുന്ന പി രാജീവായിരുന്നു ജനറൽ കൺവീനർ. തുടർന്ന് പ്രൊഫ. എം കെ സാനു, ഡോ. കെ ആർ വിശ്വംഭരൻ, ഡോ. സനൽകുമാർ തുടങ്ങിയവരെ അണിനിരത്തി സിസിആർസിയെ ജനകീയ ആവശ്യമാക്കി ഉയർത്തിക്കൊണ്ടുവന്നു.
പി രാജീവ് ഇൗ ആവശ്യം രാജ്യസഭയിലും ഉന്നയിച്ചു. അന്നത്തെ കേന്ദ്ര സർക്കാരിൽ എട്ട് മന്ത്രിമാർ കേരളത്തിൽനിന്നുള്ളവരായിരുന്നു. മന്ത്രിസഭയിൽ രണ്ടാമനായി എ കെ ആന്റണിയും. എന്നാൽ, ക്യാൻസർ സെന്ററിനോട് കേന്ദ്ര ബജറ്റ് മുഖംതിരിച്ചു. തുടർന്ന് പി രാജീവിന്റെ നേതൃത്വത്തിൽ അന്നത്തെ ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനെ കണ്ട് ആവശ്യം ധരിപ്പിച്ചു. അദ്ദേഹം 45 കോടി വാഗ്ദാനം നൽകി. എന്നാൽ, സംസ്ഥാനം ഭരിച്ച യുഡിഎഫ് സർക്കാർ കൃത്യസമയത്ത് പദ്ധതിരേഖ നൽകാത്തതിനാൽ അതും നഷ്ടമായി. ഇതിനെതിരെ കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ തെരുവിലിറങ്ങി. ജനരോഷത്തെ തുടർന്ന് 2014 ആഗസ്‌ത് 19ന് യുഡിഎഫ് സർക്കാർ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ കല്ലിട്ടു. ആളുകളിൽനിന്ന് പണം കടമായി സ്വരൂപിച്ച് ആശുപത്രി പണിയുമെന്നും ലാഭകരമാകുമ്പോൾ പലിശസഹിതം തിരിച്ചുനൽകുമെന്ന വ്യവസ്ഥയിൽ രണ്ടു വർഷംകൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു യുഡിഎഫ് പ്രഖ്യാപനം. ഇത് പ്രായോഗികമല്ലെന്നും ആശുപത്രി ലാഭകരമാക്കണമെങ്കിൽ പാവങ്ങൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിവരുമെന്നും കൃഷ്‌ണയ്യർ പറഞ്ഞു.

കബളിപ്പിക്കാൻ ഇട്ട കല്ല്
എല്ലാവരേയും സാക്ഷിയാക്കി ആഘോഷമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കല്ലിട്ടെങ്കിലും ഒരു രൂപപോലും സെന്ററിന് വകയിരുത്തിയില്ല. യുഡിഎഫ് കാലത്ത് സ്ഥാപിച്ച് ‘ചാണ്ടി സാറിന്റെ കല്ല്' എന്ന പരിഹാസപ്പേര് അതിന് വീണു. കല്ല് അവിടെക്കിടന്ന് കാടുമൂടി. ജനങ്ങളെ കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് 2015 ആഗസ്‌തിൽ അന്നത്തെ പ്രതിപക്ഷം പി രാജീവിന്റെ നേതൃത്വത്തിൽ കാടുമൂടിയ ക്യാൻസർ സെന്റർ തറക്കല്ലിന് റീത്ത് സമർപ്പിച്ചു.
വളർന്നത് മുഖ്യമന്ത്രി സ്ഥാപിച്ച കല്ല്
2016ൽ എൽഡിഎഫ് സർക്കാർ ചുമതലയേൽക്കുകയും ക്യാൻസർ സെന്റർ ഐപി വിഭാഗം ഉദ്ഘാടനം ചെയ്തു. 2018ൽ കിഫ്ബി വഴി 345 കോടി രൂപ വകയിരുത്തി പദ്ധതി പുനരുജ്ജീവിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. എന്നാൽ, നിർമാണത്തിനിടെ പോർട്ടിക്കോ ഇടിഞ്ഞുവീണ് നിയമക്കുരുക്കിൽപ്പെട്ടു. 2021ൽ പി രാജീവ് എംഎൽഎയും മന്ത്രിയായതോടെ പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം ത്വരിതഗതിയിൽ മുന്നേറി. ആധുനിക നിലവാരത്തോടെ കെട്ടിടവും നൂതന ഉപകരണ, യന്ത്ര സംവിധാനങ്ങളും ഒരുങ്ങി. കൂട്ടിരിപ്പുകാർക്കായി ബിപിസിഎൽ 12 കോടി ചെലവിൽ അമ്നിറ്റി സെന്ററും പൂർത്തിയാക്കി.

കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിൽ സജ്ജീകരിച്ചിട്ടുള്ള
കീമോ വാർഡ്
മധ്യകേരളത്തിലെ അർബുദബാധിതരുടെ ആശ്രയകേന്ദ്രമാകും : പി രാജീവ്
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ മധ്യകേരളത്തിലെ അർബുദബാധിതരുടെ ആശ്രയകേന്ദ്രമായി മാറുമെന്ന് മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവിടേക്കാവശ്യമായ ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമെടുത്തു. അത്യാധുനിക ഉപകരണങ്ങളടക്കം ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.
കളമശേരി മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും നാല് പഞ്ചായത്തുകളിലും ആരോഗ്യരംഗത്ത് അഞ്ച് വർഷത്തിനിടയിൽ വലിയ മാറ്റമുണ്ടായി. ശബരിമല സ്വർണമോഷണ വിഷയത്തിൽ പ്രതിപക്ഷം നിയമസഭക്കകത്ത് വലിയപ്രശ്നം ഉണ്ടാക്കിയതിനുള്ള കാരണം അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തതതിലൂടെ മനസ്സിലായെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് കാലത്തെ ഭരണം എന്തായിരുന്നെന്ന് ജനങ്ങൾ ചർച്ച ചെയ്യട്ടെ. പഴയയുഗം മാറിയത് ജനത്തിന് നന്നായി മനസ്സിലാകുന്നുണ്ട്. ജെ ബി കോശി കമീഷൻ റിപ്പോർട്ടിലെ 220 ശുപാർശകൾ സർക്കാർ നടപ്പാക്കിക്കഴിഞ്ഞു. ചില കാര്യങ്ങളിൽ നിയമഭേദഗതി വേണ്ടിവരും. അക്കാര്യം മന്ത്രിസഭ ചർച്ച ചെയ്‌ത് തീരുമാനമെടുത്ത് നടപ്പാക്കും. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ ജെ ബി കോശി കമീഷനെ നിയമിച്ചതുപോലെ മുസ്ലിം വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ പാലൊളി മുഹമ്മദ്കുട്ടി കമീഷനെ നിയമിച്ചത് എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.










0 comments