ക്ലിന്റ് ആർട്ട് ഗാലറി ജൂണില്‍ തുറക്കും ; നിർമാണം അന്തിമഘട്ടത്തിൽ

കൊച്ചി
കുഞ്ഞുനാളിൽത്തന്നെ കാൽലക്ഷത്തിലേറെ ചിത്രങ്ങൾ വരച്ചുതീർത്ത് വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ഓർമകൾ നിറയുന്ന ആർട്ട് ഗാലറിയുടെ നിർമാണം അവസാനഘട്ടത്തിൽ. ക്ലിന്റിന്റെ അപൂർവചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ജിസിഡിഎ 58 ലക്ഷം രൂപ ചെലവഴിച്ച് ഒരുക്കുന്ന ഗാലറി ജൂൺ അവസാനവാരം ഉദ്‌ഘാടനം ചെയ്യും.
കടവന്ത്ര ജിസിഡിഎ ഹെഡ് ഓഫീസിനു പിൻവശത്തെ ഗാന്ധിനഗർ ഷോപ്പിങ് കോംപ്ലക്സിന്റെ ഒന്നാംനിലയിൽ 3500 ചതുരശ്രയടി വിസ്തൃതിയിലാണ് ഗാലറി ഒരുങ്ങുന്നത്. വിർച്വൽ റിയാലിറ്റി, ഓഗ്മെന്റൽ റിയാലിറ്റി എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ക്ലിന്റിനൊപ്പം ഭാവനാത്മകമായി കളിച്ചും ചിരിച്ചും സംസാരിച്ചും കുഞ്ഞുങ്ങൾക്ക് ചിത്രങ്ങൾ വരയ്ക്കാമെന്നതാണ് ഈ ഗാലറിയുടെ പ്രത്യേകത.
കുട്ടികൾക്ക് ചിത്രങ്ങൾ വരയ്‌ക്കാനും പഠിക്കാനും സഹവാസ ക്യാമ്പുകൾ നടത്താനും ഗാലറിസൗകര്യമുണ്ട്. ചിത്രകലയിൽ താൽപ്പര്യമുള്ളവർക്ക് പ്രത്യേക ലൈബ്രറിയുമുണ്ട്. കുരുന്നുപ്രതിഭകൾക്കൊപ്പം, മുതിർന്നവർക്കും ഇവിടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാം.
ഗാലറിയുടെ ചുവരുകളിലും വ്യത്യസ്ത ഡിസൈനിലുള്ള വേർതിരിവുഭിത്തികളിലും ക്ലിന്റിന്റെ 101 ചിത്രങ്ങൾ സ്ഥിരമായി പ്രദർശിപ്പിക്കും. ഓരോ ചിത്രത്തെക്കുറിച്ചും ലഘുവിവരണവും ഉണ്ടാകും. ക്ലിന്റിന്റെ അമ്മ ചിന്നമ്മയുടെ പക്കലുള്ള ചിത്രങ്ങളും ക്ലിന്റിന് ലഭിച്ച പുരസ്‌കാരങ്ങളും ഏറ്റെടുത്ത് പരിപാലിക്കാൻ സർക്കാരിൽനിന്ന് അനുമതി ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ആറുമാസംമാത്രം സമയമെടുത്താണ് ഗാലറിയുടെ നിർമാണം പൂർത്തിയാക്കുന്നത്. പാർക്കിങ്ങിനായി പ്രത്യേക സൗകര്യവും നാടൻവിഭവങ്ങൾ ഉൾപ്പെടെ ലഭിക്കുന്ന ചായക്കടയുമുണ്ടാകും.
1976 മെയ് 19ന് എറണാകുളത്ത് എം ടി ജോസഫിന്റെയും ചിന്നമ്മയുടെയും മകനായി ജനിച്ച ക്ലിന്റ് ചെറുപ്രായത്തിൽത്തന്നെ 30,000 ചിത്രങ്ങൾ വരച്ചു. ചിത്രകലയിൽ തിളങ്ങിയ ക്ലിന്റ് കേരളത്തിൽമാത്രമല്ല, ലോകമാകെ ശ്രദ്ധനേടി. വൃക്കരോഗം ബാധിച്ച ക്ലിന്റ് ഏഴാം ജന്മദിനാഘോഷത്തിന് ഒരുമാസംമുമ്പാണ് കലാലോകത്തോട് വിടപറഞ്ഞത്.










0 comments