ക്ലിന്റ് ഓർമവർണങ്ങളിൽ ഒരമ്മ

caption 1 കലൂരിലെ വീട്ടിൽ ക്ലിന്റിന്റെ അമ്മ ചിന്നമ്മ caption 2 ക്ലിന്റ് ആർട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നതിനായി വരച്ച ക്ലിന്റിന്റെ ചിത്രത്തിൽ അവസാന മിനുക്കുപണികൾ നടത്തുന്ന ആർട്ടിസ്റ്റ് ഹുസൈൻ
എം എസ് അശോകൻ
Published on Mar 11, 2026, 01:10 AM | 1 min read
കൊച്ചി
എഡ്‌മണ്ട് തോമസ് ക്ലിന്റ് സമ്മാനിച്ചുപോയ ചിത്രങ്ങളും മരണമില്ലാത്ത ഓർമകളും മാത്രമാണ് ഇപ്പോൾ അമ്മ ചിന്നമ്മ ജോസഫിന് ജീവിതക്കൂട്ട്. ഭർത്താവ് ജോസഫും യാത്രയായശേഷം ഒറ്റയ്‌ക്കായ കലൂർ ജേർണലിസ്‌റ്റ് നഗറിലെ 138 –ാംനന്പർ ജിസിഡിഎ അപാർട്‌മെന്റിന്റെ പൂമുഖം നിറഞ്ഞ് ക്ലിന്റ് സ്‌മരണ. അകത്ത് അലമാരകൾ നിറയെ ക്ലിന്റ് കൈയൊപ്പു ചാർത്തിയ ചിത്രങ്ങൾ. അതിൽനിന്ന് തെരഞ്ഞെടുത്ത 101 ചിത്രങ്ങളുടെ പകർപ്പ് ഉൾപ്പെടുത്തി നഗരത്തിൽ ക്ലിന്റിന് ആദ്യ ചിത്രസ്‌മാരകം തുറക്കുന്നതിന്റെ സന്തോഷത്തിലാണ് ചിന്നമ്മ. ക്ലിന്റ് വിടവാങ്ങിയിട്ട് നാലുപതിറ്റാണ്ടിലേറെയായിട്ടും കുഞ്ഞ് ഉമ്മകൾ നൽകി നാട് അവന്റെ ഓർമവർണങ്ങളെ ചേർത്തുപിടിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ചിന്നമ്മയ്‌ക്ക് വാക്കുകളില്ല.
ക്ലിന്റിന് നാടെങ്ങും സ്‌മാരകങ്ങളുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യമെന്ന് ചിന്നമ്മ. പനന്പിള്ളിനഗറിൽ കുട്ടികളുടെ പാർക്ക്, കുന്നറ പാർക്കിൽ മെട്രോയുടെ ക്ലിന്റ് ഏരിയ, തേവരയിൽ ക്ലിന്റ് റോഡ്, സംസ്ഥാന ബാലചിത്രരചനാ മത്സരം, സിനിമകൾ, ക്ലിന്റിന്റെ കളിക്കൂട്ടുകാരിയായിരുന്ന അമ്മു നായർ എഴുതിയ ‘എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി’ ഉൾപ്പെടെ പുസ്‌തകങ്ങൾ അങ്ങനെ പലതും മുന്പെയുണ്ട്. എന്നാൽ, ക്ലിന്റ് ചിത്രങ്ങളുടെ പ്രദർശനത്തിന് വിപുലമായ സ്ഥിരം ഗാലറി ഇതാദ്യം.
ക്ലിന്റ് വരച്ച മുപ്പതിനായിരത്തോളം ചിത്രങ്ങളുടെ ഒറിജിനൽ ഇപ്പോഴും വീട്ടിൽ സൂക്ഷിക്കുന്നു. മൂന്ന് ചിത്രങ്ങളുടെ ഒറിജിനൽ മാത്രമാണ് തന്റെ പക്കൽ ഇല്ലാത്തത്. ക്ലിന്റിനെ ചികിത്സിച്ച ഡോ. ജോസഫ് എബ്രഹാം, ഭർത്താവിന്റെ സഹപ്രവർത്തകയായിരുന്ന സിഫ്‌റ്റിലെ ശാസ്‌ത്രജ്ഞ മേരി തോമസ്, കുടുംബസുഹൃത്ത് കെ ജെ അഗസ്‌റ്റിൻ എന്നിവരാണ് അവ സൂക്ഷിക്കുന്നത്. അത് ക്ലിന്റ് തന്നെ അവർക്ക് സമ്മാനിച്ചതാണ്.
കുറെക്കൂടി വിപുലമായ സൗകര്യമുണ്ടാകുന്പോൾ ചിത്രങ്ങളുടെ ഒറിജിനൽ കൈമാറണമെന്നാണ് വിചാരിക്കുന്നത്. അത്തരമൊരു ആലോചന ജിസിഡിഎക്കുള്ളതായി ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. ക്ലിന്റിന്റെ കളിപ്പാട്ടങ്ങൾ, ഉപയോഗിച്ച പുസ്‌തകങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവയും കൈമാറുമെന്ന് ചിന്നമ്മ പറഞ്ഞു.
കാലിൽ വെരിക്കോസിന് ശസ്‌ത്രക്രിയ കഴിഞ്ഞ് ആശുപത്രിവാസത്തിലായിരുന്നു ചിന്നമ്മ. ഗാലറി ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ മാത്രം ഡോക്‌ടർമാരുടെ അനുമതിയോടെ വീട്ടിലെത്തിയതാണ്. 12ന് ഉദ്‌ഘാടനത്തിൽ പങ്കെടുത്ത് വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റാകും.










0 comments