തൊഴിലാളിയുടെ മരണം: ടിസിഎൽ കമ്പനിക്കുമുന്നിൽ സിഐടിയു പ്രതിഷേധം

പ്രത്യേക സാമ്പത്തിക മേഖലയിലെ ടാറ്റാ സെറാമിക്സ് കമ്പനിയിൽ കരാർത്തൊഴിലാളി മരിച്ച സംഭവത്തിൽ സിഐടിയു നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
പ്രത്യേക സാമ്പത്തിക മേഖലയിലെ ടാറ്റാ സെറാമിക്സ് (ടിസിഎൽ) കമ്പനിയിൽ ആസ്ബസ്‌റ്റോസ് മേൽക്കൂര തകർന്നുവീണ് കരാർത്തൊഴിലാളി മരിച്ച സംഭവത്തിൽ സെസ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ കമ്പനിക്കുമുന്നിൽ പ്രതിഷേധം നടത്തി. തൊഴിലാളികളുടെ സുരക്ഷയിൽ മാനേജ്മെന്റും സെസ് അധികൃതരും കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സെസ് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയറ്റ് അംഗം കെ ആർ സൈനൻ അധ്യക്ഷനായി. സി ബിജുമോൻ, സി ആർ പ്രദീപ്കുമാർ, കെ എ അഭിലാഷ്, പി എ സുരേഷ് കുമാർ, കെ ജി ഷാജു, ടി പി ശ്രീകുമാർ, പി ജെ ദീപ്ന എന്നിവർ സംസാരിച്ചു.
32 വർഷം പഴക്കമുള്ള ആസ്ബസ്‌റ്റോസ് ഷീറ്റുകൾ മാറ്റുന്നതിനിടെ 30 അടി ഉയരത്തിലുള്ള മേൽക്കൂര തകർന്നാണ് കരാർത്തൊഴിലാളി വീണ് മരിച്ചത്. സുരക്ഷാബെൽറ്റ് ഉൾപ്പെടെയുള്ള മുൻകരുതലുകളില്ലാതെയാണ് തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. മേൽക്കൂരയുടെ അപകടാവസ്ഥ സംബന്ധിച്ച് നേരത്തേ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സമരക്കാർ ആരോപിച്ചു. സംഭവത്തിൽ ഫാക്ടറി ഇൻസ്പെക്ടർക്കും സെസ് അതോറിറ്റിക്കും അടിയന്തരമായി നോട്ടീസ് നൽകുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.






0 comments