ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും
ചെല്ലാനത്ത് രണ്ടാംഘട്ട ടെട്രാപോഡ് ഭിത്തി നിർമാണോദ്‌ഘാടനം 7ന്

കൊച്ചി
ചെല്ലാനം തീരത്തെ രണ്ടാംഘട്ടം ടെട്രാപോഡ് കടൽഭിത്തിയുടെ നിർമാണോദ്‌ഘാടനം മാർച്ച് ഏഴിന് നടക്കും. കിഫ്‌ബിയിൽനിന്ന് 404 കോടി രൂപ അനുവദിച്ച രണ്ടാംഘട്ടത്തിന്റെ നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുക. ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും ഇതോടൊപ്പം നിർവഹിക്കും.
കണ്ണമാലി ഭാഗത്ത് 6.1 കിലോമീറ്റർ നീളത്തിലാണ് രണ്ടാംഘട്ടത്തിൽ ടെട്രാപോഡ് ഭിത്തി നിർമിക്കുന്നത്. ആദ്യഘട്ടമായി 7.3 കിലോമീറ്ററിലാണ് കടൽഭിത്തി പൂർത്തിയാക്കിയത്. 347 കോടി രൂപയാണ് ടെട്രാപോഡ് കടൽഭിത്തിയുടെയും കരിങ്കൽ നടപ്പാതയുടെയും പുലിമുട്ടുകളുടെയും നിർമാണത്തിന് ചെലവായത്. ശേഷിക്കുന്ന 6.1 കിലോമീറ്ററിൽക്കൂടി ടെട്രാപോഡ് ഭിത്തി ഉയരുന്പോൾ 13.4 കിലോമീറ്ററിൽ ചെല്ലാനം തീരം കടലാക്രമണഭീഷണിയിൽനിന്ന് പൂർണ സുരക്ഷിതമാകും. ഇത്രയും നീളത്തിൽ ഭിത്തി പൂർത്തിയാകുന്പോൾ ഒരുകിലോമീറ്റർ ഭിത്തി നിർമാണത്തിനായി 66 കോടിയിലധികം രൂപയാണ് ചെല്ലാനത്ത് സംസ്ഥാനസർക്കാർ ചെലവഴിക്കുക.
ഒന്നാംഘട്ടത്തിലെ നിർമാണം 2023ൽ പൂർത്തിയായെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനമൊന്നും നടന്നിട്ടില്ല. കടൽഭിത്തിയും അതിനോടുചേർന്നുള്ള കരിങ്കൽ മതിലിന് മുകളിലൂടെയുള്ള നടപ്പാതയും ചെല്ലാനം തീരത്തേക്ക് നിരവധിപേരെ ആകർഷിക്കുന്നു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ടെട്രാപോഡ് നിർമാണംമുതൽ പദ്ധതിയുടെ പൂർണ നിർവഹണം നടത്തിയത്.










0 comments