രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണോദ്‌ഘാടനം നാളെ
ചെല്ലാനം പറയും കരുതലിന്റെ മഹാഗാഥ

പള്ളുരുത്തി
വരുംതലമുറയോട് ചെല്ലാനത്തുകാർ പറയും കരുതലിന്റെ മഹാഗാഥ. കടലാക്രമണത്തിൽ വിറങ്ങലിച്ച നാളുകളും പലായനങ്ങളും ഇല്ലാതാക്കി സുരക്ഷയുടെ കോട്ടകെട്ടിയ വിജയകഥ. അതെ ചെല്ലാനം തീരം പൂർണമായി സംരക്ഷിക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് യാഥാർഥ്യമാകുകയാണ്. രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന്റെ ഉദ്ഘാടനം ശനി പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്പോൾ തീരത്ത് സന്തോഷത്തിരകളുയരും. പൂർത്തീകരിച്ച ഒന്നാംഘട്ട ടെട്രാപോഡ് കടൽഭിത്തിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
പുത്തൻതോടുമുതൽ മനാശേരി ഫിഷിങ് ഗ്യാപ്പുവരെയുള്ള 6.1 കിലോമീറ്ററിലാണ് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നത്. പൂർത്തീകരിക്കുന്നതോടെ ചെല്ലാനം പഞ്ചായത്ത് കടലാക്രമണത്തിൽനിന്ന് പൂർണമായി സംരക്ഷിക്കപ്പെടും. ഒരുലക്ഷത്തിലധികം ടെട്രാപോഡുകളും 6.85 ലക്ഷം ടൺ കരിങ്കല്ലും രണ്ടാംഘട്ട നിർമാണത്തിനായി ഉപയോഗിക്കും. ഇതിനായി സംസ്ഥാന സർക്കാർ 404 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. കിഫ്ബിയാണ് തുക അനുവദിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണം. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്.
ആദ്യഘട്ടത്തിൽ ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള പ്രദേശത്ത് ടെട്രാപോഡ് കടൽഭിത്തി നിർമാണം പൂർത്തീകരിച്ചതോടെ പഞ്ചായത്തിന്റെ തെക്കൻമേഖല ശാന്തമായി. പിന്നീടിതുവരെ കാലവർഷക്കെടുതിയും കടലാക്രമണവും തെക്കൻ ചെല്ലാനത്തുള്ളവർ അനുഭവിച്ചിട്ടില്ല. എന്നാൽ, കണ്ണമാലി പ്രദേശം കടലാക്രമണം രൂക്ഷമായി തുടർന്നിരുന്നു. ഇതിന് ശാശ്വതപരിഹാരമാണ് രണ്ടാംഘട്ട നിർമാണം.
കടലാക്രമണം പഴങ്കഥയാക്കി
കടലാക്രമണം പഴങ്കഥയാക്കിയ ആദ്യഘട്ട ടെട്രാപോഡ് കടൽഭിത്തി സംസ്ഥാനസർക്കാർ നിർമിച്ചത് 340 കോടി ചെലവിൽ. ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചത്. 8.15 ലക്ഷം മെട്രിക് ടൺ കരിങ്കല്ലും 1.20 ലക്ഷം ടെട്രാപോഡും ഉൾപ്പെടെ 340 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ഇതോടൊപ്പം പുലിമുട്ടും തീരദേശ നടപ്പാതയും നിർമിച്ചു.
ഒന്നരവർഷംകൊണ്ട് കടലാക്രമണത്തെ ചെറുക്കാൻ സമഗ്രപദ്ധതി തയ്യാറാക്കിയ സർക്കാരിനോടും കെ ജെ മാക്സി എംഎൽഎയോടും നന്ദി പറയുകയാണ് ചെല്ലാനത്തുകാർ. 2020 ജൂണിലെ കടലേറ്റം ചെല്ലാനത്തെ മുഴുവൻ വീടുകളിലും നാശംവിതച്ചിരുന്നു. പുത്തൻതോട്, കണ്ടക്കടവ്, ചാളക്കടവ്, മറുവക്കാട്, വേളാങ്കണ്ണി, ബസാർ, മാലാഖപ്പടി, കമ്പനിപ്പടി, ഗൊണ്ടുപറമ്പ്, വാച്ചാക്കൽ കടപ്പുറം, ആലുങ്കൽ കടപ്പുറം എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. 2021ൽ രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ എന്നിവർ ചെല്ലാനത്ത് എത്തി ടെട്രാപോഡ് കടൽഭിത്തി പദ്ധതി പ്രഖ്യാപിച്ചു. തുടർന്ന് അതിവേഗം നടപടികൾ സ്വീകരിച്ചു.











0 comments