6.1 കി.മീറ്ററിൽ ടെട്രാപോഡ് ; 404 കോടി രൂപ ചെലവ്
ചെല്ലാനത്ത് ആഹ്ലാദത്തിര ; രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന് അനുമതി

ചെല്ലാനത്ത് ആദ്യഘട്ടത്തിൽ നിർമിച്ച ടെട്രാപോഡ് കടൽഭിത്തി
കൊച്ചി
ചെല്ലാനം തീരത്തെ ശേഷിക്കുന്ന ഭാഗത്തും കടൽഭിത്തി നിർമാണത്തിന് തീരുമാനമായതോടെ യാഥാർഥ്യമാകുന്നത് തീരജനതയുടെ ചിരകാല സ്വപ്‌നം. ശേഷിക്കുന്ന 6.1 കി.മീറ്ററിൽ ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിനുള്ള അനുമതിയാണ് ബുധനാഴ്‌ച ചേർന്ന മന്ത്രിസഭയിൽ നൽകിയത്. 347 കോടി രൂപ ചെലവിൽ 7.3 കിലോമീറ്റർ ഭാഗത്തെ ടെട്രാപോഡ് കടൽഭിത്തി നിർമാണം 2023 ൽ പൂർത്തിയാക്കിയിരുന്നു. 404 കോടി രൂപ ചെലവിൽ രണ്ടാംഘട്ടവും പൂർത്തിയാകുന്നതോടെ ചെല്ലാനം തീരം കടലാക്രമണത്തിൽനിന്ന് പൂർണ സുരക്ഷിതമാകും.
ഒന്നാംഘട്ടം ശ്രദ്ധേയമായി പൂർത്തിയാക്കിയ ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിതന്നെയാണ് രണ്ടാംഘട്ട നിർമാണവും നടത്തുക. മാനം കറുത്താൽ തീരത്തേക്ക് അടിച്ചുകയറുന്ന തിരമാലകളിൽ ചെല്ലാനം തീരത്തിന് ഇക്കാലമത്രയും നഷ്‌ടമായതിന്റെ കണക്കെടുപ്പ് അസാധ്യം. പശ്ചിമകൊച്ചിയെ പ്രതിനിധാനംചെയ്‌ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ കോൺഗ്രസ് മന്ത്രിമാർ പലരും പലകാലങ്ങളിലും ഉണ്ടായെങ്കിലും ചെല്ലാനത്തിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരമുണ്ടായില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ചെല്ലാനം തീരജനതയുടെ ദീർഘകാല ആവശ്യം പരിഗണിച്ചത്. രാജ്യരക്ഷയെക്കൂടി കണക്കിലെടുത്തുള്ള വൻകിട പദ്ധതിയായിരുന്നിട്ടും കേന്ദ്ര സർക്കാരിൽനിന്ന് നയാപൈസയുടെ സഹായം ഒന്നാംഘട്ടത്തിന് ലഭിച്ചില്ല. പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് രണ്ടുവർഷത്തിനുള്ളിൽ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കി. ടെട്രാപോഡും കരിങ്കൽഭിത്തിക്കു മുകളിലൂടെയുള്ള നടപ്പാതയും ചെല്ലാനം തീരത്തിന്റെ മുഖഛായമാറ്റി. കടലാക്രമണത്തിന്റെ കണ്ണീരിൽ മുങ്ങിക്കിടന്ന തീരം ഇപ്പോൾ വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന പ്രദേശമാണ്.

രണ്ടാംഘട്ടംകൂടി പൂർത്തിയാകുന്നതോടെ സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ട് മാത്രം ചെലവഴിച്ച പദ്ധതിയുടെ ആകെ ചെലവ് 750 കോടിയിലേറെയാകും. ആകെ കടൽഭിത്തിയുടെ നീളം 13.4 കിലോമീറ്ററും. ഒരു കിലോമീറ്റർ നിർമാണത്തിന് ചെലവ് 55 കോടിയോളം. താൻ മന്ത്രിയായി ചുമതലയേറ്റശേഷം ചേംബറിൽ ആദ്യം ചേർന്ന യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന് തീരുമാനമെടുത്തതെന്ന് വ്യവസായമന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ പി രാജീവ് പറഞ്ഞു. രണ്ടാംഘട്ട പദ്ധതിക്കും അനുമതി നൽകാൻ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ധനമന്ത്രി കെ എൻ ബാലഗോപാലിനും പദ്ധതിക്കായി നിരന്തരം പരിശ്രമിച്ച കെ ജെ മാക്സി എംഎൽഎക്കും പ്രത്യേക നന്ദിയറിയിക്കുന്നതായും പി രാജീവ് സമൂഹമാധ്യമത്തിൽ കുറിച്ചു.
തീരം സുരക്ഷിതം
രണ്ടാംഘട്ട നിർമാണവും പൂർത്തിയാക്കുന്നതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായി കടലാക്രമണ മുക്തമാകും. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, കെ ജെ മാക്സി എംഎൽഎ എന്നിവർ ആദ്യം ഓടിയെത്തിയത് കടലാക്രമണം രൂക്ഷമായ ചെല്ലാനത്തേക്കാണ്. വിറങ്ങലിച്ചുനിന്ന തീരജനതയ്ക്ക് മന്ത്രിമാർ അന്നുകൊടുത്ത വാക്കാണ് പിന്നീട് രാക്ഷസത്തിരകളെ അടക്കിയ കടൽഭിത്തിയായി ചെല്ലാനത്ത് ഉയർന്നത്.
ആദ്യഘട്ടത്തിൽ ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററിലാണ് കടൽഭിത്തി നിർമിച്ചത്. കോൺക്രീറ്റിൽ വാർത്ത കൂറ്റൻ ടെട്രാപോഡുകൾ സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവുംവലിയ കടൽഭിത്തിയാണ് ചെല്ലാനത്തേത്. മുപ്പത് മീറ്റർവരെ കടലിലേക്ക് ഇറക്കി ഒന്നുമുതൽ രണ്ടരമീറ്റർവരെ ആഴത്തിൽ പാകിയ കരിങ്കൽത്തട്ടിന് മുകളിലാണ് ടെട്രാപോഡ് നിരത്തിയിട്ടുള്ളത്. പുലിമുട്ടുകളുടെയും ഭിത്തിയുടെയും നിർമാണത്തിന് 8.15 ലക്ഷം മെട്രിക് ടൺ കരിങ്കല്ല് വേണ്ടിവന്നു. ടെട്രാപോഡ് നിർമാണത്തിന് 52 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചു.

സംസ്ഥാന സർക്കാരിന് അഭിവാദ്യം: സിപിഐ എം
ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമിക്കാൻ 404 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണാനുമതി നൽകിയ സംസ്ഥാന സർക്കാരിന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യമർപ്പിച്ചു. ചെല്ലാനം നിവാസികൾ ദീർഘകാലമായി അനുഭവിക്കുന്ന ദുരിതത്തിന് ആശ്വാസകരമായത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ്. 2023ൽ 347 കോടി രൂപ മുതൽമുടക്കിൽ ചെല്ലാനത്ത് 7.3 കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തിയുടെ ആദ്യഘട്ടനിർമാണം പൂർത്തിയാക്കി. ശേഷിക്കുന്ന 6.1 കിലോമീറ്റർ ഭിത്തിയാണിപ്പോൾ നിർമിക്കുന്നത്. ശരാശരി 66 കോടിയിലധികം രൂപയാണ് ഒരു കിലോമീറ്റർ തീരസംരക്ഷണത്തിനായി സർക്കാർ കിഫ്ബിയിലൂടെ ചെലവഴിക്കുന്നത്. ടെട്രാപോഡ് കടൽഭിത്തി ഒരുപാട് കുടുംബങ്ങളെയും അവരുടെ സ്വപ്നങ്ങളെയുമാണ് സംരക്ഷിക്കുന്നത്.
ടൂറിസം മേഖലയ്ക്ക് ഏറെസാധ്യതയുള്ള പ്രദേശമാണ് ചെല്ലാനം. ടെട്രോപോഡ് കടൽഭിത്തിയുടെ നിർമാണം ടൂറിസത്തെ കൂടുതൽ മികവുറ്റതാക്കും. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിലുണ്ടായ ഘട്ടത്തിൽപോലും ചെല്ലാനത്ത് നടപ്പാക്കാത്ത വികസന പദ്ധതിയാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്നത്.
കേന്ദ്ര സർക്കാർ തീരദേശ സംരക്ഷണത്തിന് ഒരുരൂപപോലും നൽകാത്ത സാഹചര്യത്തിലും കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയോടെയുള്ള മുന്നേറ്റത്തെ ജനങ്ങൾ തിരിച്ചറിയും. പശ്ചാത്തലസൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശ്യമായ മാറ്റങ്ങളാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.











0 comments