സ്‌ഫോടനം സെപ്‌തംബർ–ഒക്‌ടോബറോടെ
ചന്ദർകുഞ്ജ് പൊളിക്കൽ: 3 കന്പനികൾ ചുരുക്കപ്പട്ടികയിൽ

കൊച്ചി
വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ജ് ഇരട്ട ടവറുകൾ സ്‌ഫോടനത്തിലൂടെ പൊളിക്കാൻ കരാർ നൽകാനുള്ള അന്തിമപരിഗണനയ്‌ക്ക് മൂന്ന് കന്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. മെയ് 15ഓടെ കന്പനിയെ തെരഞ്ഞെടുക്കും. തുടർന്ന്, പരമാവധി നാലുമാസത്തെ ഇടവേള നൽകി സെപ്‌തംബർ ഒടുവിലോ ഒക്‌ടോബർ ആദ്യമോ സ്‌ഫോടനത്തിലൂടെ ടവറുകൾ പൊളിക്കും. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച കലക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേർന്ന് നടപടികൾ വിലയിരുത്തി. ടവറുകൾ പൊളിച്ചശേഷം പുനർനിർമാണത്തിനുള്ള ടെൻഡറിന് കാര്യമായ പ്രതികരണം ലഭിക്കാത്തതിനാൽ റീ ടെൻഡർ ചെയ്യാനും യോഗം തീരുമാനിച്ചു. ഇതിനുള്ള ഫണ്ട് കെട്ടിവയ്ക്കാൻ എഡബ്ല്യുഎച്ച്ഒയോട് നിർദേശിച്ചു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ സുപ്രീംകോടതിവിധിയെ തുടർന്ന് സ്‌ഫോടനത്തിലൂടെ പൊളിച്ച രണ്ടു കന്പനികൾ ചുരുക്കപ്പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡിമോളീഷനുമായി ധാരണയുള്ള മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനിയറിങ്ങും ചെന്നൈ കേന്ദ്രമായ വിജയ് സ്‌റ്റീൽസുമാണ് അവ. ചെന്നൈയിൽനിന്നുള്ള പികെ യുണീക് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്തെ കന്പനി. ഏപ്രിൽ 22ന് അവസാനിച്ച ടെക്‌നിക്കൽ ബിഡിൽ എട്ട് കന്പനികൾ പങ്കെടുത്തു.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മൂന്ന് കന്പനികളും മെയ് എട്ടിനകം ഫിനാൻഷ്യൽ ബിഡ് നൽകും. 11ന് ഇത് തുറന്ന് കുറഞ്ഞ തുക ക്വാട്ട് ചെയ്‌ത കന്പനിക്ക് കരാർ ഉറപ്പിക്കും. തുടർന്ന് ഇരട്ട ടവറുകൾ പൊളിച്ചുപണിയാൻ ചുമതലയുള്ള ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനിൽനിന്ന് (എഡബ്ല്യുഎച്ച്‌ഒ) ഏറ്റെടുക്കുന്ന ടവറുകൾ കരാർക്കന്പനിക്ക് കൈമാറും. നാലുമാസത്തിനകം ശേഷിക്കുന്ന പരിശോധനകൾ നടത്തി സ്‌ഫോടനത്തിലൂടെ ടവറുകൾ വീഴ്‌ത്താനുള്ള തയ്യാറെടുപ്പുകൾ കന്പനി പൂർത്തിയാക്കും.
ടവറുകൾ പുനർനിർമിക്കുന്ന ചുമതലകൾക്കായി പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെ നിയമിക്കാനുളള പ്രീ ബിഡും പൂർത്തിയായി. മെയ് 11 വരെ ടെൻഡർ സമർപ്പിക്കാം. 13ന് ഇവ തുറക്കും.
നിർമാണപ്പിഴവുമൂലം തകർന്ന, 26 നില വീതമുള്ള ഇരട്ട ടവറുകളിൽ 204 അപാർട്ട്‌മെന്റുകളാണുള്ളത്. ഇവിടുത്തെ 152 താമസക്കാരും മറ്റിടങ്ങളിലേക്ക് മാറി. പുതിയ അപ്പാർട്ട്‌മെന്റുകൾ ലഭിക്കുന്നതുവരെയുള്ള ഇവരുടെ വാടക ഹൈക്കോടതി നിർദേശപ്രകാരം എഡബ്ല്യുഎച്ച്‌ഒ നൽകുന്നു.
അതേസമയം, വാടക നൽകുന്നതുസംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച് എഡബ്ല്യുഎച്ച്‌ഒ സുപ്രീംകോടതിയെ സമീപിച്ചത് ടവർ പുനർനിർമിക്കൽ വൈകിക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 11ന് കലക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി യോഗം ചേർന്ന് എഡബ്ല്യുഎച്ച്‌ഒയുടെ നീക്കത്തിൽ അതൃപ്‌തി അറിയിച്ചിരുന്നു.










0 comments