ad
Deshabhimani

ഒമ്പതാംക്ലാസുകാരന്‌ ക്രൂരമർദനം ; സഹപാഠികൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

student assault
വെബ് ഡെസ്ക്

Published on Jan 22, 2026, 01:15 AM | 1 min read


കവളങ്ങാട്

മുള്ളരിങ്ങാട് സ്വദേശിയായ ഒമ്പതാംക്ലാസ് വിദ്യാർഥിയെ പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിലെ മുറിയിൽവച്ച് ക്രൂരമായി മർദിച്ച കേസിൽ സഹപാഠികൾ ഉൾപ്പെടെ നാലുപേർക്കെതിരെ ജുവനൈൽ ആക്‌ട് പ്രകാരം കേസെടുത്തു. കഴിഞ്ഞ 14ന് രാവിലെ ഒന്പതിനാണ് സംഭവം.


കല്ലൂർക്കാട്ടെ എയ്ഡഡ് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി പൈങ്ങോട്ടൂരിലെ ട്യൂഷൻ സെന്ററിൽ ക്ലാസ് കഴിഞ്ഞ് സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്നസമയം അതേ സ്കൂളിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ രണ്ടു കുട്ടികളും ഇടുക്കി ജില്ലയിലെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയും ഇവരുടെ കൂട്ടുകാരനും സ്കൂൾ പഠനം ഇടയ്ക്ക് നിർത്തിയ മറ്റൊരു കുട്ടിയും ചേർന്ന് മർദിക്കുകയായിരുന്നു. സംഘത്തിലൊരാളെ കളിയാക്കിയതിലുള്ള പ്രതികാരം തീർക്കാനാണ്‌ വിദ്യാർഥിയെ സ്റ്റാൻഡിനകത്ത്, മുമ്പ് പൊലീസ് എയ്ഡ് പോസ്റ്റായി പ്രവർത്തിച്ചിരുന്ന മുറിയിലേക്ക് വിളിച്ചുകയറ്റി മർദിച്ചത്‌. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയനാക്കി. പൊലീസിൽ പരാതിയും നൽകി.


സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കേസ് എടുക്കാൻ പോത്താനിക്കാട് പൊലീസ്‌ ശ്രമിച്ചെങ്കിലും മർദനമേറ്റ കുട്ടിയും കുട്ടിയുടെ അച്ഛനും തങ്ങൾക്ക് പരാതിയില്ലെന്ന്‌ മൊഴി നൽകി. പ്രതികളായ കുട്ടികളിൽ ഒരാളുടെ അച്ഛന്റെ സമ്മർദത്തെ തുടർന്നായിരുന്നു ഇത്‌.

കഴിഞ്ഞദിവസം ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ എറണാകുളം റൂറൽ ജില്ലാ പൊലീസ്‌ മേധാവിയുടെ നിർദേശപ്രകാരം മർദിച്ച കുട്ടികൾക്കെതിരെ ബുധനാഴ്ച സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് (എസ്‌ബിആർ) എറണാകുളം ജുവനൈൽ കോടതിയിൽ സമർപ്പിച്ചു. മർദിച്ച നാലു കുട്ടികളെയും രക്ഷിതാക്കളെയും കൂട്ടി വ്യാഴാഴ്‌ച ജുവനൈൽ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home