നിർമാണം അവസാനഘട്ടത്തിൽ
തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് അട്ടിമറിക്കാൻ കോതമംഗലം നഗരസഭ

തങ്കളം –കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാനഘട്ടത്തിൽ

സ്വന്തം ലേഖകൻ
Published on Jan 28, 2026, 12:25 AM | 1 min read
കോതമംഗലം
നിർമാണം അവസാനഘട്ടത്തിലെത്തിയ തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപാസ് പദ്ധതി അട്ടിമറിക്കാൻ രാഷ്‌ട്രീയ പ്രേരിത ഇടപെടലുമായി കോതമംഗലം നഗരസഭ. ആന്റണി ജോൺ എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഫലമായി സാങ്കേതിക തടസ്സങ്ങളെയും കോടതി വ്യവഹാരങ്ങളെയും അതിജീവിച്ച് നിർമാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് അടിസ്ഥാനരഹിതമായ കാരണങ്ങൾ നിരത്തി യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഇടപെടൽ.
തെരഞ്ഞെടുപ്പിനു മുന്പ് പദ്ധതി പൂർത്തിയാകുമെന്ന് ഉറപ്പായതോടെ ബൈപാസ് കടന്നുപോകുന്ന ഭാഗത്തെ നഗരസഭാ റോഡിനെച്ചൊല്ലി നിർമാണം നിർത്തിവയ്‌ക്കാൻ നഗരസഭ സ്‌റ്റോപ് മെമ്മോ നൽകി.
ഒന്നാം പിണറായി സർക്കാരിന്റെ 2019–20 ബജറ്റിൽ 14.5 കോടി രൂപ അനുവദിച്ചാണ് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടം മുതൽ പദ്ധതി മുടക്കാൻ നടന്ന ഇടപെടലുകളിൽ യുഡിഎഫിന്റെ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നഗരസഭ ഭരണം ലഭിച്ച ഉടനെയുളള സ്റ്റോപ് മെമ്മോ.
പട്ടണത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്നതാണ് പദ്ധതി. നിരവധി റോഡുകളുടെ വികസനം പൂർത്തിയാക്കിയെങ്കിലും തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപാസ് അട്ടിമറിക്കാൻ പലഘട്ടങ്ങളിലും ഇടപെടലുകളുണ്ടായി. ആന്റണി ജോൺ എംഎൽഎയുടെ നിരന്തര ഇടപെടലിലാണ് തടസങ്ങൾ നീങ്ങിയത്.
എൽഡിഎഫ് പ്രതിഷേധിച്ചു
തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അട്ടിമറിക്കാനുള്ള കോതമംഗലം നഗരസഭയുടെ നീക്കം നാടിന്റെ വികസനത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് കോതമംഗലം മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബൈപാസ് നിർമാണം നിർത്തിവയ്‌ക്കാൻ ശ്രമിക്കുന്ന വികസനവിരോധികളെ കോതമംഗലത്തെ പൊതുസമൂഹം തിരിച്ചറിയണമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും എൽഡിഎഫ് ഭാരവാഹികളായ എം എസ് ജോർജ്, സി പി എസ് ബാലൻ എന്നിവർ അറിയിച്ചു.










0 comments