ad
Deshabhimani

രണ്ടുവയസുകാരനെ ട്രെയിനിൽ ഉപേക്ഷിച്ച സംഭവം : രക്ഷിതാക്കൾക്കായി അന്വേഷണം

boy
വെബ് ഡെസ്ക്

Published on Jan 25, 2026, 02:15 AM | 1 min read


കൊച്ചി

രണ്ടുവയസുള്ള ആൺകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്ന സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു. ജനുവരി 17നാണ് സംഭവം. പട്ന -എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ പകൽ 1.30ഓടെ തൃശൂരിൽ വച്ച്‌ കുട്ടിയെ ട്രെയിനിലിരുത്തി മാതാപിതാക്കളെന്ന് കരുതുന്നവർ വെള്ളം വാങ്ങാനെന്ന വ്യാജേന പുറത്തിറങ്ങിയെന്നാണ് സൂചന. ട്രെയിൻ പുറപ്പെട്ടപ്പോൾ ഇവർ കയറിയില്ല. കുട്ടി തനിച്ചിരിക്കുന്നത് ശ്രദ്ധിച്ച രണ്ട് യാത്രക്കാർ ആലുവയിൽ ഇറങ്ങി കുട്ടിയെ ആർപിഎഫിനെ ഏൽപ്പിച്ചു. ആർപിഎഫ്‌ അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ എത്തി കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ വിടുകയും ചെയ്തു.


പെരുമ്പാവൂർ പുല്ലുവഴിയിലുള്ള ചിൽഡ്രൻസ് ഹോമിലാണ് കുട്ടി നിലവിലുള്ളത്. സിഡബ്ല്യുസി അധികൃതർ അറിയിച്ചതനുസരിച്ചാണ്‌ എറണാകുളം റെയിൽവേ പൊലീസ് കേസെടുത്ത്‌. കുട്ടി ചെറുതായി മാത്രമാണ്‌ സംസാരിക്കുന്നത്‌. ചിൽഡ്രൻസ് ഹോമിലെ ആയമാർ സംസാരിച്ചതിൽനിന്ന് അമ്മ എന്ന വാക്ക് കുട്ടി പറഞ്ഞതായി വിവരമുണ്ട്‌. കുട്ടി മലയാളിയോ ഒഡീഷ സ്വദേശിയോ ആണെന്നാണ്‌ അധികൃതർ സംശയിക്കുന്നത്‌. മാതാപിതാക്കൾക്കായി അന്വേഷണം ഊർജിതമാക്കി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും റെയിൽവേ എസ്ഐ ഇ കെ അനിൽകുമാർ പറഞ്ഞു. വിവരങ്ങൾ ലഭിക്കുന്നവർ 0484 2376359, 9495769690 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home