ഏഴുപേർക്ക് ജീവനായി ബിൽജിത്ത്

നെടുമ്പാശേരി
നാടിന്റെയാകെ സ്‌നേഹവും കരുതലും ഒപ്പമുണ്ടായിട്ടും ബിൽജിത്തിനെ രക്ഷിക്കാനായില്ല. പ്രിയപ്പെട്ടവന്റെ മരണമേൽപ്പിച്ച കടുത്ത വേദനയിലും, അവയവദാനത്തിലൂടെ ബിൽജിത്ത് ഏഴുപേരിൽ ഓർമയായി തുടിക്കുമെന്ന പ്രതീക്ഷയിലാണ് ഉറ്റവർ. ബിൽജിത്തിന്റെ ഹൃദയവും കരളും വൃക്കകളും കണ്ണുകളും ചെറുകുടലും ദാനം ചെയ്‌തു.
നെടുമ്പാശേരി കരിയാട് ദേശീയപാതയിൽ സെപ്‌തംബർ രണ്ടിന് രാത്രി വാഹനാപകടത്തിൽ പരിക്കേറ്റ വട്ടപറന്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജു (18) അന്നുമുതൽ വെന്റിലേറ്റർ സഹായത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയ്‌ക്ക് ആവശ്യമായ പണം കണ്ടെത്താൻ ശനിയാഴ്‌ച ബിരിയാണി ചലഞ്ച് നടത്താൻ നാട്ടുകാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങൾക്കിടെ വെള്ളിയാഴ്‌ച മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. ബാലസംഘം പരിപാടികളിൽ പങ്കെടുത്തിരുന്ന, എല്ലാവരുമായും സൗഹൃദത്തിലായിരുന്ന ബിൽജിത്ത്, നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്‌പ്ലാന്റ് ഓര്‍ഗനൈസേഷനാണ് (കെ സോട്ടോ) അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. പൊലീസും ജില്ലാ ഭരണനേതൃത്വവും സൗകര്യങ്ങൾ ഒരുക്കിനൽകി. കോഴിക്കോട് മെഡിക്കൽ കോളേജ്, എറണാകുളം ലിസി, അമൃത, ആലുവ രാജഗിരി, കോട്ടയം കാരിത്താസ് ആശുപത്രികളിലാണ് അവയവ മാറ്റ ശസ്‌ത്രക്രിയകൾ നടക്കുക. ഇവിടങ്ങളിൽനിന്നുള്ള ഡോക്ടർമാരടങ്ങുന്ന സംഘം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. രാത്രി വെെകിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.
കാലടി ആദിശങ്കര എൻജിനിയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. അച്ഛൻ-: ബിജു പാലമറ്റം. അമ്മ:- ലിന്റ. സഹോദരൻ:- ബിവൽ.









0 comments