ad
Deshabhimani

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക്‌ ഓടിച്ച കേസ്‌ ; അജ്‌മലിനെ തിരയുന്നു;
അന്വേഷണത്തിന്‌ പ്രത്യേകസംഘം

bike riding railway platform
വെബ് ഡെസ്ക്

Published on Sep 04, 2025, 12:00 AM | 1 min read


കൊച്ചി

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക്‌ ഓടിച്ച കേസിൽ പെരുമ്പാവൂർ മുടിക്കൽ സ്വദേശിക്കായി അന്വേഷണം ഉ‍ൗർജിതമാക്കി റെയിൽവേ പൊലീസ്‌. മുടിക്കൽ മ‍ൗലൂദ്‌പുര എം എ അജ്‌മലിനെയാണ്‌ പൊലീസ്‌ തിരയുന്നത്‌. ഇയാളുടെ ഫോൺ സ്വിച്ച്‌ ഓഫാണ്‌. വീട്ടിലും എത്തിയിട്ടില്ല. തൈക്കുടത്തെ സ്ഥാപനത്തിൽനിന്ന്‌ ഭാര്യക്കൊപ്പമെത്തിയാണ്‌ ഇയാൾ ബൈക്ക്‌ വാടകയ്‌ക്ക്‌ എടുത്തത്‌.


ചൊവ്വ പുലർച്ചെ 4.40നാണ്‌ സംഭവം. ബൈക്കിൽ എത്തിയ അജ്‌മൽ രണ്ടാംനന്പർ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക്‌ ഓടിക്കുകയായിരുന്നു. യാത്രക്കാരുടെ ഇടയിലൂടെയായിരുന്നു സുരക്ഷാമാനദണ്ഡങ്ങളും നിയമങ്ങളും ലംഘിച്ചുള്ള ‘സാഹസിക’ഡ്രൈവിങ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ആർപിഎഫുകാർ പിന്നാലെ പാഞ്ഞു. ഇതോടെ പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്ത്‌ ബൈക്ക്‌ ഉപേക്ഷിച്ച്‌ ഇയാൾ കടന്നു.


പുണെ–കന്യാകുമാരി എക്സ്‌പ്രസ്‌ കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ബൈക്കുമായി പ്ലാറ്റ്‌ഫോമിൽ എത്തിയത്. മറ്റൊരു ട്രെയിൻ ഈസമയം സ്റ്റേഷനിലേക്ക് എത്തുകയും ചെയ്‌തു. പ്ലാറ്റ്‌ഫോമിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളിൽനിന്നുമാണ്‌ അജ്‌മലിനെ തിരിച്ചറിഞ്ഞത്‌. ഇയാൾ ലഹരി, അടിപിടി കേസുകളിൽ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാളുടെ ഫോൺകോൾ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്‌. ബൈക്ക്‌, യാത്രക്കാരെ തട്ടിയിരുന്നെങ്കിലോ, ട്രാക്കിലേക്ക്‌ വീണെങ്കിലോ അത്യാഹിതത്തിനിടയാക്കുമായിരുന്നു.


ലഹരി ഉപയോഗിച്ച്‌ വാഹനമോടിച്ചെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. പൊലീസിനെ കണ്ട്‌ വെട്ടിച്ച്‌ കയറിതായിരിക്കാമെന്നും സംശയിക്കുന്നു. പ്രത്യേകസംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. എറണാകുളം റെയിൽവേ പൊലീസ് ഡിവൈഎസ്‌--പിക്കാണ് അന്വേഷണച്ചുമതല. രണ്ട് ഇൻസ്‌പെക്ടർമാരും എസ്ഐമാരും സംഘത്തിലുണ്ട്. നാല്‌ ലക്ഷം രൂപ വിലമതിക്കുന്ന ജി310 ആർ മോഡൽ ബിഎംഡബ്ല്യു ബൈക്കാണ്‌ വാടകയ്ക്ക് എടുത്തത്. സ്ഥാപന ജീവനക്കാരിൽനിന്ന്‌ പൊലീസ്‌ വിവരം ശേഖരിച്ചു. തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ ഇവിടെ നൽകിയിരുന്നു. ഇതിൽനിന്നാണ്‌ ഇയാളെ തിരിച്ചറിഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home