കൊച്ചി ചുറ്റിക്കണ്ട് ട്രാക്കിലെ ബിഗ്‌ബെൻ
‘ആ 9.79 സെക്കൻഡുകൾ എന്നും പ്രിയപ്പെട്ടത്’

സ്‌പ്രിന്റ് ഇതിഹാസം ബെൻ ജോൺസൺ എറണാകുളം ബോൾഗാട്ടി പാലസ് സന്ദർശിച്ചപ്പോൾ
നിധിൻ രാജു
Published on Jan 28, 2026, 12:34 AM | 2 min read
കൊച്ചി
"ആ നിമിഷം ലോകം മുഴുവൻ എന്റെ വേഗം കണ്ടു, ചെറുപ്പത്തിൽ കണ്ട സ്വപ്‌നം ഞാൻ നേടി, പിന്നീട് മറ്റെന്തൊക്കെ സംഭവിച്ചാലും ആ 9.79 സെക്കൻഡുകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്’ ആരാധകരുടെ ‘ബിഗ് ബെൻ’ പറഞ്ഞുനിർത്തുമ്പോൾ കണ്ണുകളിൽ പഴയ ഇരുപത്തേഴുകാരന്റെ തിളക്കം. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി പാലസിലെത്തിയ സ്‌പ്രിന്റ് ഇതിഹാസം ബെൻ ജോൺസൺ ‘ദേശാഭിമാനി’യോട് സംസാരിക്കുകയായിരുന്നു.
ഒരുകാലത്ത് ലോക അത്‌ലറ്റിക്‌സിന്റെ സമയഭൂപടങ്ങളെ മാറ്റിവരച്ച ബെൻ ജോൺസന്റെ വേഗക്കാലുകൾ കൊച്ചിയുടെ മണ്ണിൽ തൊട്ടു. ബോൾഗാട്ടി കൊട്ടാരത്തിന്റെ അഴകും കായൽഭംഗിയും ആസ്വദിച്ചശേഷം, കേരളത്തിന്റെ അഭിമാനമായ ജലമെട്രോയിൽ കൊച്ചി കായലിലൂടെ യാത്ര. ഹെക്കോർട്ട് മെട്രോ ടെർമിനലിലെത്തിയപ്പോൾ കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ശേഷം, പ്രത്യേക മെട്രോ ബോട്ടിൽ കൊച്ചി കപ്പൽശാലയും ദക്ഷിണ നാവികസേനാ ആസ്ഥാനവുമുൾപ്പെടെ കണ്ടാസ്വദിച്ച് ഒരുമണിക്കൂറോളം കായൽയാത്ര.
‘ഇത് ആദ്യത്തെ അനുഭവമാണ്, ഇങ്ങനെയൊന്ന് മുമ്പെവിടെയും കണ്ടിട്ടില്ല’, ജലമെട്രോയ്‌ക്ക് ബെന്നിന്റെ വക നൂറിൽനൂറ് മാർക്ക്. ‘കേരളം അക്ഷരാർഥത്തിൽ സുന്ദരമാണ്, ഇവിടത്തെ ഒരുപാട് ഭക്ഷണങ്ങൾ ആസ്വദിച്ചു, ഒരുപാട് നല്ല മനുഷ്യരെ കണ്ടു. ഇന്ത്യയിലെ യുവ അത്‌ലീറ്റുകൾക്ക് ശരിയായ പരിശീലനവും പ്രോത്സാഹനവും നൽകിയാൽ അവർ ലോകവേദികളിൽ തിളങ്ങു’മെന്നും അദ്ദേഹം പറഞ്ഞു.
വള്ളത്തില്‍നിന്ന് ആരംഭിച്ച് മെട്രോയില്‍ എത്തിനില്‍ക്കുന്ന കൊച്ചിയുടെ ഗതാഗത ചരിത്രം വിശദീകരിക്കുന്ന വഞ്ചി ടു മെട്രോ എന്ന കോഫിടേബിള്‍ ബുക്ക് ലോക്‌നാഥ് ബെഹ്‌റ ബെന്‍ ജോണ്‍സണ് സമ്മാനിച്ചു. സന്ദര്‍ശകബുക്കില്‍ ‘വിസ്മയിപ്പിക്കുന്ന യാത്രാനുഭവം’ എന്ന് കുറിച്ചാണ് ബെന്‍ ജോണ്‍സണ്‍ മടങ്ങിയത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ജലമെട്രോ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സാജന്‍ പി ജോണ്‍, ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പിആർ) കെ കെ ജയകുമാര്‍ തുടങ്ങിയവർ യാത്രയിൽ അനുഗമിച്ചു.
കാനഡയുടെ കരുത്തനായ സ്പ്രിന്റർ ട്രാക്കിൽ തീപ്പൊരി പടർത്തുമ്പോൾ, കാണികൾ കണ്ടത് മനുഷ്യസാധ്യമായ വേഗത്തിന്റെ പുതിയ അതിരുകളായിരുന്നു. 1988-ലെ സോൾ ഒളിമ്പിക്‌സിൽ സ്റ്റാർട്ടിങ് പോയിന്റിൽനിന്ന് വെടിയുണ്ടകണക്കെ കുതിച്ച ജോൺസൺ, 9.79 സെക്കൻഡുകൾകൊണ്ട് ഫിനിഷിങ് വരതൊട്ട് ലോകത്തെ വിസ്‌മയിപ്പിച്ചു. പിന്നീട്, ആ വിജയത്തിനുമേൽവീണ കറുത്ത നിഴലുകൾ കായികചരിത്രത്തിലെ വലിയ മുറിപ്പാടുകളായിമാറിയതും ചരിത്രം.










0 comments