അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയ്‌ക്ക് മന്ത്രി വീട്ടിലെത്തി പുരസ്‌കാരം സമ്മാനിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ സാഹിത്യപുരസ്കാരം മായ ബാലകൃഷ്ണന് മന്ത്രി ആർ ബിന്ദു വീട്ടിലെത്തി സമ്മാനിക്കുന്നു
അങ്കമാലി
കത്തുകളിലൂടെ മായ പങ്കുവെച്ച സങ്കടം മന്ത്രിയുടെ മനസ് തൊട്ടു. തളർന്നുപോയ ശരീരത്തെ സാഹിത്യം കൊണ്ട് അതിജീവിച്ച മായയ്ക്ക് സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
35 വർഷമായി ശയ്യാവലംബിയായി കഴിയുന്ന അങ്കമാലി നായത്തോട് സ്വദേശി മായ ബാലകൃഷ്ണന്റെ ‘മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതാ സമാഹാരത്തിന് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷം' ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിൽ പ്രഥമ പുരസ്കാരം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മായയ്ക്ക് കഴിഞ്ഞിരുന്നില്ല.
തനിക്ക് നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങാൻ ആഗ്രഹമുണ്ടെന്നും അങ്കമാലിയിലോ സമീപത്തോ നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ വെച്ച് പുരസ്കാരം നൽകാൻ കഴിയുമോയെന്ന് അഭ്യർഥിച്ച് മായ മന്ത്രിക്ക് കത്തെഴുതി. ഈ അഭ്യർഥന മാനിച്ചാണ് മന്ത്രി നേരിട്ട് മായയുടെ വസതിയിലെത്തി പുരസ്കാരം നൽകിയത്. 10,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന പുരസ്കാരം മന്ത്രി മായക്ക് കൈമാറി.
35 വർഷത്തോളമായി റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് കിടപ്പിലായ മായ സാങ്കേതിക വിദ്യകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് സാഹിത്യ ലോകത്തേക്ക് കടക്കുന്നത്. തുടികൊട്ട്, നിഷ്കാസിതരുടെ ആരൂഢം, മണ്ണാങ്കട്ടേം കരിയിലേം എന്നീ കവിതാ സമാഹാരങ്ങളും നാലാംവിരലിൽ വിരിയുന്ന മായ, മായക്കാലം എന്നീ ആത്മകഥകളും വെള്ളപ്പൊക്കത്തിലെ പൂച്ച എന്ന ബാലകഥയും മായ രചിച്ചിട്ടുണ്ട്. പുരസ്‌കാരം വീട്ടിലെത്തി നൽകാനായതിൽ സന്തോഷമുണ്ടെന്ന് മന്ത്രിയും നേരിട്ട് വാങ്ങാനായ സന്തോഷം മായയും പങ്കുവച്ചു.
മായയുടെ വസതിയിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർ പേഴ്സൺ റീത്താപോൾ അധ്യക്ഷയായി. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ കെ ജെ ജോൺ ജോഷി, കവി സി രാവുണ്ണി, മായ ബാലകൃഷ്ണൻ, ഡോ. അജയ് നാരായൺ, കൗൺസിലർ ഡെൻസി ടോണി, നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.










0 comments