വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് 1.40 ലക്ഷം തട്ടിയവർ അറസ്‌റ്റിൽ

തുറവൂർ
വ്യാജ ആധാർ കാർഡുപയോഗിച്ച് മുക്കുപണ്ടം പണയം വച്ച് പണംതട്ടിയവർ പൊലീസ് പിടിയിൽ. കെഎസ്എഫ്‌ഇ തുറവൂർ ബ്രാഞ്ചിൽനിന്ന് 1,40,000 രൂപയാണ് തട്ടിയെടുത്തത്. എറണാകുളം രായമംഗലം പുല്ലുവഴി കാളംമാലിയിൽ എൽദോ വർഗീസ് (50), ഞെഴുവങ്കൻ വീട്ടിൽ ജിബി (48), വാരപ്പെട്ടി പാറയിൽ കുടിചാലിൽ ബിജു (48) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റു ചെയ്തത്.
17-ന് പകൽ 2.45 ന് മത്തായി വർഗീസ് എന്ന പേരിൽ എൽദോ വർഗീസ് രണ്ട് വളകൾ പണയംവയ്‌ക്കാനെത്തി. താമസസ്‌ഥലം ചോദിച്ചപ്പോൾ സംസാരിക്കാൻ പ്രയാസമുള്ള രീതിയിൽ പെരുമാറി. സഹായിയെ പോലെ കൂടെയെത്തിയ ജിബി കുത്തിയതോടാണ് സ്ഥലമെന്നു പറഞ്ഞു. ഇടപെടലിൽ സംശയം തോന്നാത്തതിനാൽ ജീവനക്കാർ പണം നൽകി. പീന്നീട് സംശയം തോന്നി ബ്രാഞ്ച് മാനേജർ വളകൾ പരിശോധിച്ചപ്പോളാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്‌തപ്പോൾ വ്യാജ ആധാർകാർഡും വളകളും നിർമിച്ചത് ബിജുവാണെന്ന് മനസിലാക്കി. ഉരച്ചു നോക്കിയാൽ സ്വർണമല്ലെന്ന് തിരിച്ചറിയാത്ത വിധമാണ് വളകൾ നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലായി 20 മുക്കുപണ്ടം പണയകേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ബജിത്ത് ലാൽ, സിപിഒ മാരായ വിജേഷ് , അമൽരാജ്, സാജൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.










0 comments