ad
Deshabhimani

മോഷണപരന്പര: 
5 പേർ പിടിയിൽ

arrest
വെബ് ഡെസ്ക്

Published on Jul 09, 2026, 02:38 AM | 1 min read

മുളന്തുരുത്തി


പെട്രോൾപമ്പിലും കടകളിലും വീടുകളിലുമായി തുടർമോഷണങ്ങൾ നടത്തിയ മൂന്നുപേരെയും മോഷണമുതൽ വാങ്ങിയ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കളായ തൃശൂർ മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (26), കൊടുങ്ങല്ലൂർ തകരമട വീട്ടിൽ തൻസീർ (28), കൊടുങ്ങല്ലൂർ നെല്ലിപറമ്പത്ത് വീട്ടിൽ ബൈജു (29) എന്നിവരെയും ഇവരിൽനിന്ന്‌ മോഷണമുതൽ വാങ്ങിയ പറവൂർ മന്നം സ്വദേശികളായ ചന്തത്തോപ്പിൽ വീട്ടിൽ മിഥുൻ (28), കാഞ്ഞിരപറമ്പിൽ വീട്ടിൽ നിസാർ (28) എന്നിവരെയുമാണ്‌ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.


ബൈക്കിൽ എത്തുന്ന സംഘം മുളന്തുരുത്തി പള്ളിത്താഴം ജങ്‌ഷനിലുള്ള ആളൊഴിഞ്ഞ വീടുമുതൽ നീർപ്പാറയിലെ എച്ച്പി പമ്പ് വരെയുള്ള ഭാഗങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് തുടർച്ചയായി മോഷണം നടത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന സ്‌പ്ലെൻഡർ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്ക് ആലുവ മെട്രോ സ്റ്റേഷനിൽനിന്ന്‌ മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തി. തുടർന്ന് മുളന്തുരുത്തി, അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലെ ഇരുനൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞാണ്‌ അറസ്‌റ്റ്‌. ഹെൽമെറ്റ് ധരിച്ചും ഗ്ലൗസ് ഉപയോഗിച്ചും മൊബൈൽ ഫോണുകൾ പൂർണമായും ഒഴിവാക്കിയുമായിരുന്നു മോഷണം.


തലയോലപ്പറമ്പ് വരിക്കാംകുന്ന് ഭാഗത്തെ സപ്ലൈകോ ഔട്ട്‌ലെറ്റിലും ഇവർ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25 ഓളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

എസ്എച്ച്ഒ സംഗീത് പുനത്തിൽ, എസ്ഐമാരായ ആർ പ്രിൻസി, പ്രവീൺ കുമാർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ്‌ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home