ad
Deshabhimani

അങ്കണവാടി പ്രവേശനോത്സവം

അക്ഷരമുറ്റത്തെത്തി 
കുരുന്നുകൾ

Anganavadi

അങ്കണപ്പൂക്കൾ.. സമ്മാനമായി ലഭിച്ച വർണ്ണപ്പൂവേന്തി കിരീടമണിഞ്ഞ് അങ്കണവാടിയുടെ കളിമുറ്റത്തേക്ക് എത്തിയ കുരുന്നുകൾ. 
പ്രവേശനോത്സവദിവസം ദേശാഭിമാനി കലൂർ വിഐപി റോഡിലെ 94-–ാം നമ്പർ അങ്കണവാടിയിൽനിന്നുള്ള ദൃശ്യം

avatar
സ്വന്തം ലേഖകൻ

Published on May 31, 2026, 12:53 AM | 1 min read

കൊച്ചി

അമ്മയുടെ സാരിത്തലപ്പിൽ മുറുകെപ്പിടിച്ച ചെറുകൈകൾ, നിറഞ്ഞ കണ്ണുകളുമായി പരിഭ്രമത്തേടെ ചുറ്റുംനോക്കുന്ന കുഞ്ഞുമുഖങ്ങൾ, കുഞ്ഞിക്കരച്ചിലുകളും കുസൃതിച്ചിരികളുമൊക്കെയായി അക്ഷരമുറ്റത്തേക്ക് പിച്ചവയ്ക്കാൻ കുരുന്നുകളെത്തി. മഴക്കുടകളുടെ നിറപ്പകിട്ടും പുതുമണം മാറാത്ത സ്ലേറ്റും പെൻസിലും വാട്ടർ ബോട്ടിലും ടിഫിൻ ബോക്സുമെല്ലാം കാർട്ടൂൺ കഥാപാത്രങ്ങൾ ചിരിക്കുന്ന ചിത്രങ്ങളുള്ള ബാഗുകളിലാക്കി, അക്ഷരങ്ങളുമായി കൂട്ടുകൂടാൻ അങ്കണവാടിയുടെ മുറ്റത്തേക്ക്‌ ആദ്യ കാൽവയ്‌പ്‌.


ജില്ലയിലെ 2858 അങ്കണവാടികളാണ്‌ ശനിയാഴ്‌ച തുറന്നത്‌. തോരണങ്ങളും ബലൂണുകളുംകൊണ്ട്‌ അലങ്കരിച്ച ക്ലാസ്‌മുറികളാണ്‌ കുരുന്നുകളെ സ്വാഗതം ചെയ്‌തത്‌. തൊപ്പിയണിയിച്ചും മിഠായികളും ലഡുവും ജിലേബിയുമടക്കം മധുരം നൽകിയുമാണ്‌ അധ്യാപകരും ഹെൽപ്പർമാരും കുരുന്നുകളെ വരവേറ്റത്‌. "എനിക്ക് വീട്ടിപോണം’, "അമ്മയില്ലാതെ ഞാൻ ഇരിക്കത്തില്ല’ എന്നിങ്ങനെ ചിലർക്ക്‌ കുഞ്ഞുവാശികൾ. കരഞ്ഞുവിളിച്ച് അങ്കണവാടിക്കുള്ളിലേക്ക്‌ കയറാൻ മടിക്കുന്ന സ്ഥിരം കാഴ്‌ചയ്‌ക്ക്‌ ഇക്കുറിയും മാറ്റമുണ്ടായില്ല. എന്നാൽ, ബലൂണുകളും മിഠായികളും കളിപ്പാട്ടങ്ങളും നിറഞ്ഞ ക്ലാസ്മുറികൾ കണ്ണീർത്തിരയെ നിമിഷങ്ങൾക്കകം ആഹ്ലാദതീരത്തേക്കടുപ്പിച്ചു.


കരച്ചിലുകൾ അടങ്ങിയതോടെ അങ്കണവാടി കുസൃതികളുടെ പുതുലോകമായി മാറി. പുതിയ കളിപ്പാട്ടങ്ങൾ സ്വന്തമാക്കാനുള്ള തിടുക്കവും കൂട്ടുകാരുടെ ബാഗിനുള്ളിലെ രഹസ്യങ്ങൾ അറിയാനുള്ള കൗതുകവും കരയുന്ന കൂട്ടുകാരന് മിഠായി പങ്കുവച്ച് ആശ്വസിപ്പിക്കുന്ന സ്‌നേഹവും പൂത്തുലഞ്ഞു. പരിഭവങ്ങൾക്കും കുറുമ്പുകൾക്കും ഒടുവിൽ, ഉച്ചയോടെ സൗഹൃദങ്ങളുടെ ആഘോഷമായി ആദ്യദിനം. രാവിലെ 10 മുതല്‍ 12.30 വരെയായിരുന്നു ക്ലാസ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home