ഓണം ഒച്ച് കൊണ്ടുപോകുമോ ; കർഷകർ ആശങ്കയിൽ

കൊച്ചി
പ്രതീക്ഷയോടെ നട്ടുനനയ്‌ക്കുന്ന ഓണക്കാല വിളകൾ ആഫ്രിക്കൻ ഒച്ച് കൊണ്ടുപോകുമോ എന്ന ആശങ്കയിൽ നാട്. ആഫ്രിക്കൻ ഒച്ചുകൾ കാർഷികവിളകൾ തിന്നുനശിപ്പിക്കുന്നതായുള്ള പരാതി വ്യാപകമായതായി ജില്ലാ കൃഷി ഓഫീസർ ഇന്ദുനായർ പറഞ്ഞു.
വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാനമായി ആക്രമിക്കുക. വാഴയിലക്കും രക്ഷയില്ല. രാത്രിയിലാണ് പടപ്പുറപ്പാട്. പ്രത്യുൽപ്പാദനശേഷി കൂടുതലായതിനാൽ പെട്ടെന്ന് പെറ്റുപെരുകി പ്രദേശം കൈയടക്കും. ആൺ-–-പെൺ ജാതികൾ ഒരേജീവിയിൽത്തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. 90 ശതമാനവും വിരിഞ്ഞിറങ്ങും. പത്തുവർഷംവരെ ആയുസുമുണ്ട്.
കപ്പൽ കയറി വന്നു
തുറമുഖങ്ങൾ വഴിയാണ് ആഫ്രിക്കൻ ഒച്ചുകൾ കേരളത്തിൽ എത്തിയതെന്നാണ് കരുതുന്നത്. വിദേശരാജ്യങ്ങളിൽനിന്ന് തുറമുഖംവഴി മര ഉരുപ്പടികൾ ഇറക്കുമതി ചെയ്‌ത കൂട്ടത്തിലാണ് ആദ്യ വരവ്. വില്ലിങ്‌ഡൺ ഐലൻഡിൽ 2004 മുതൽ വിദേശ ഇറക്കുമതി തടികളുടെ ഡിപ്പോയുണ്ട്. ഐലൻഡിലും സമീപത്തും 2005 മുതൽ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയിരുന്നു.
നിയന്ത്രിക്കാം ഒച്ചുകളെ
ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതെയും പറമ്പുകൾ വൃത്തിയാക്കിയും ഒരു പരിധിവരെ ഒച്ചിനെ നിയന്ത്രിക്കാം. 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, ഈസ്‌റ്റ് എന്നിവ വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കിവച്ചശേഷം പിറ്റേന്ന് കുഴിയിലോ മൺ ചട്ടിയിലോ ഒഴിച്ച് ഒച്ചുകളെ ആകർഷിച്ച് നശിപ്പിക്കാനാകും. വിള നശിപ്പിക്കുന്ന ഒച്ചിനെ മൂന്ന് ഗ്രാം കോപ്പർ ഓക്സി ക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് തുരത്താം. (നെല്ലിലും വെള്ളരിവർഗ വിളകളിലും ഒഴികെ). കോഴി, താറാവ് എന്നിവയെ അഴിച്ചുവിട്ടു വളർത്തുന്നതും ഒച്ചിന് ഭീഷണിയാണ്.
മഴ മാറുമ്പോൾ ‘പണി’ കൊടുക്കാം
മഴ മാറി വേനൽ തുടങ്ങുമ്പോൾ ഒച്ചുകൾ മണ്ണിനടിയിൽ നിദ്രാവസ്ഥയിലേക്കു പോകും. വീണ്ടും മഴ ആരംഭിക്കുമ്പോൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെടും. മഴക്കാലം കഴിയുമ്പോൾത്തന്നെ മണ്ണിളക്കിക്കൊടുത്താൽ ഒച്ചുകൾ മണ്ണിനടിയിലിട്ട മുട്ടകൾ നശിക്കുമെന്നതിനാൽ അടുത്ത മഴക്കാലത്ത് വംശവർധന കുറയും.









0 comments