ad
Deshabhimani

പിതൃസഹോദരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 
യുവാവ് പിടിയില്‍

ABHIJITH PRASAD
വെബ് ഡെസ്ക്

Published on May 03, 2026, 02:05 AM | 1 min read

കൊച്ചി


പിതൃസഹോദരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയിലായി. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദ് (33) ആണ് പിടിയിലായത്.

ഏപ്രില്‍ 30ന് രാവിലെ അയ്യപ്പന്‍കാവ് -ചിറ്റൂര്‍ റോഡില്‍ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന പിതൃസഹോദരന്‍ സത്യപാലനെ കാറിടിപ്പിച്ച് വീഴ്‌ത്തുകയായിരുന്നു.


പച്ചാളത്ത് ട്രാവല്‍ ഏജന്‍സി നടത്തുന്ന അഭിജിത് വിവാഹമോചിതയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ മാതാപിതാക്കളും ബന്ധുക്കളും എതിര്‍ത്തു. ഇതിന്റെ പേരില്‍ ഏപ്രില്‍ 21ന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതിയും നല്‍കി. ഇതിനെല്ലാം പിന്നില്‍ പിതൃസഹോദരന്‍ സത്യപാലന്‍ ആണെന്ന സംശയമാണ് കൊലപാതകശ്രമത്തിലേക്ക് എത്തിച്ചത്.


അയ്യപ്പന്‍കാവ് ജങ്ഷനടുത്ത് സത്യപാലന്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നുണ്ട്. ഇവിടെനിന്ന് സെമിത്തേരിമുക്കിലേക്ക് സത്യപാലന്‍ സ്‌കൂട്ടറില്‍ പോകുന്പോഴാണ്‌ പ്രതി കാറില്‍ പിന്തുടര്‍ന്നത്. അമിതവേഗത്തില്‍ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു. സത്യപാലന്‍ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണു. വാഹനാപകടമാണെന്ന് വരുത്താന്‍ സത്യപാലനെ ആശുപത്രിയില്‍ എത്തിക്കാനും അഭിജിത് മുന്നിട്ടിറങ്ങി. എന്നാല്‍, സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം നടത്തി.


പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ മനഃപൂര്‍വം ഇടിപ്പിച്ചതാണെന്ന്‌ കണ്ടെത്തി. അഭിജിത്‌ മാതാപിതാക്കളെ വീട്ടിനുള്ളില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗുരുതര പരിക്കേറ്റ സത്യപാലന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home