ടി സിദ്ദിഖിന്റെ സമ്മർദം പി ടി ഗോപാലക്കുറുപ്പ് യുഡിഎഫ് കൺവീനർ പദവി രാജിവച്ചു

കൽപ്പറ്റ ടി സിദ്ദിഖ് എംഎൽഎയുടെ സമ്മർദത്തെ തുടർന്ന് യുഡിഎഫ് ജില്ലാ കൺവീനർ പദവിയിൽനിന്ന് പി ടി ഗോപാലക്കുറുപ്പ് രാജിവച്ചു. സ്ഥാനം ഒഴിയുന്നതായി കെപിസിസി നേതൃത്വത്തിന് കത്തുനൽകി. എംഎൽഎയുടെ കരുനീക്കത്തെ തുടർന്നാണ് രാജിവയ്‌ക്കാൻ നിർബന്ധിതനായത്. പി പി ആലിയെ പകരം കൺവീനറാക്കാനാണ് ടി സിദ്ദിഖിന്റെ നീക്കം. രാജിക്കത്തിൽ ആരോഗ്യ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യുഡിഎഫ് കൺവീനർ, ചെയർമാൻ എന്നിവർക്കും കത്തുനൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെുപ്പിൽ ടി സിദ്ദിഖ് ഇടപെട്ടാണ് ഭൂരിഭാഗം സ്ഥാനാർഥികളെയും നിശ്ചയിച്ചത്. സ്ഥാനാർഥി നിർണയത്തിൽ സാമുദായിക സംതുലിതാവസ്ഥ പാലിച്ചല്ലെന്ന ആക്ഷേപം പാർടിക്കുള്ളിൽ ശക്തമായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസിലെ മുസ്ലിം നേതാക്കളെ ആരെയും പരിഗണിച്ചില്ല. സ്വന്തം പ്രവർത്തകരും ചില മതനേതാക്കളും ഇക്കാര്യം ചൂണ്ടിക്കാണിച്ചു. സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് എംഎൽഎക്കും ഡിസിസി പ്രസിഡന്റിനും നേരെ ഉയർന്നത്. അനുരഞ്ജന നീക്കം നടത്തിയെങ്കിലും ഫ-ലമുണ്ടായില്ല. കഴിഞ്ഞ കോളേജ് യുണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്‌എഫ് ടി സിദ്ദിഖിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ‘ഇനി നിയമസഭ കാണാമെന്ന് കരുതേണ്ട’ എന്ന താക്കീതും എംഎസ്‌എഫ് പ്രകടനത്തിന്റെ ബാനറിൽ എഴുതി നൽകി. ഇൗ ‘ക്ഷീണം’ ഉൾപ്പെടെ മാറ്റുന്നതിനായാണ് പി ടി ഗോപാലക്കുറുപ്പിനെ കരുവാക്കിയത്. പി പി ആലിയെ കൺവീനറാക്കി മതനേതാക്കളുടെ പ്രീതി നേടാനാണ് ശ്രമം. സ്ഥാനാർഥി നിർണയത്തിലടക്കം ഗോപാലക്കുറുപ്പിനെ അടുപ്പിച്ചിരുന്നില്ല. ഗോപാലക്കുറുപ്പ് കത്ത് നൽകിയെങ്കിലും കെപിസിസി നേതൃത്വം രാജി അംഗീകരിച്ചിട്ടില്ല.









0 comments