രോഗബാധിതർ 17
ഒരു വിദ്യാർഥിക്കൂകൂടി ഷിഗല്ല സ്‌കൂൾ ജലം മലിനം

സ്വന്തം ലേഖകൻ കൽപ്പറ്റ കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ ഒരു വിദ്യാർഥിക്കൂകൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച വിദ്യാർഥികളുടെ എണ്ണം പതിനേഴായി. സ്വകാര്യ ആശുപത്രിയിൽനിന്നയച്ച സാന്പിളാണ് ഷിഗല്ല പോസിറ്റീവായത്. പരിശോധിച്ച മുഴുവൻ സാന്പിളുകളും പോസിറ്റീവായത് ആശങ്ക വർധിപ്പിക്കുകയാണ്. രോഗലക്ഷണങ്ങളോടെ 21 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുണ്ട്. 538 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇവരിൽ ഭൂരിഭാഗത്തിനും ഷിഗല്ല ബാധിച്ചിരുന്നതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പരിശോധന നടത്തിയ 17 സാന്പിളും പോസിറ്റീവായതോടെയാണ് ഇക്കാര്യം ഉറപ്പായത്. വിദ്യാർഥികളുമായി സന്പർക്കമുള്ള 168 പേരും രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ചർദ്ദിയും വയറിളക്കവും പനിയുമായിരുന്നു എല്ലാവർക്കും. വിദ്യാർഥികൾക്ക് ഷിഗല്ല ബാധിച്ചത് സ്‌കൂളിലെ കിണറുകളിലെ വെള്ളത്തിൽനിന്നാണെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കുഴൽക്കിണറിലെയും തുറന്ന കിണറിലെയും വാട്ടർ ഫിൽട്ടറിലെയും ജലം മാലിന്യം നിറഞ്ഞതാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. കുഴൽക്കിണറിലെ ജലം കുടിവെള്ളയോഗ്യമാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാൽ കുഴൽക്കിണറിലെ വെള്ളവും മലിനമാണെന്നാണ് മന്ത്രി പറഞ്ഞത്. ഷിഗല്ലയുടെ ഉറവിടം കണ്ടെത്താത്തതിൽ ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരെ വിമർശം ശക്തമാകുന്പോഴാണ് ഉറവിടം സ്‌കൂളിലെ കിണർവെള്ളമാണെന്ന മന്ത്രിയുടെ പ്രഖ്യാപനം. ജില്ലയിൽ പകർച്ചവ്യാധി പടരുകയാണ്. കഴിഞ്ഞദിവസം മരിച്ച പത്തുവയസ്സുകാരന് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. പനിബാധിതരുടെ എണ്ണവും ഏറുകയാണ്.










0 comments