തെളിനീരില്ലാതാക്കി മുള്ളൻപാറയിൽ റിസോർട്ട് നിർമാണം

വൈത്തിരി പഴയ വൈത്തിരി ചാരിറ്റിയിലെ മുള്ളൻപാറയിൽ നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിന് ഉൾപ്പെടെ ആശ്രയിക്കുന്ന അരുവിയെ മലിനമാക്കി റിസോർട്ട് നിർമാണം. തെളിനീരായി ഒഴുകിയ അരുവിയിൽ മലിനജലം നിറഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. വേനലിൽ വെള്ളംവറ്റുന്ന പ്രദേശത്ത് കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന ജലസ്രോതസ്സാണ് സ്വകാര്യ റിസോർട്ട് നിർമാണം ആരംഭിച്ചതുമുതൽ നശിക്കുന്നത്. അരുവിയിലേക്ക് വെള്ളമെത്തിയിരുന്ന ചതുപ്പ് നികത്തിയാണ് കെട്ടിടം നിർമിക്കുന്നത്. നിർമാണയോഗ്യമായ കരഭൂമിയുണ്ടായിട്ടും തെളിനീരായ ഒഴുക്കിനെ നശിപ്പിച്ച് പ്രവൃത്തി നടത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. മഴപെയ്‌താൽ റിസോർട്ടിന്റെ പ്രവൃത്തി പ്രദേശത്തുനിന്ന് വ്യാപകമായി ചെളിയും മണ്ണും ഒഴുകിപ്പരക്കുകയാണ്. ചെളിക്ക് പുറമെ വെള്ളനിറത്തിലുള്ള ദ്രാവകവും പലപ്പോഴായി തോട്ടിലൂടെ ഒഴുകിയെത്തുന്നതായും നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധികൃതരോട് പരാതി അറിയിച്ചിട്ടും കേട്ട ഭാവം നടിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ വർഷം അരുവിയിൽ ബണ്ടുകെട്ടി റിസോർട്ട് അധികൃതർ തടഞ്ഞുവച്ചപ്പോൾ പഞ്ചായത്ത് ഇടപെട്ട് ബണ്ട് പൊളിച്ച് നീക്കിയിരുന്നു. പഞ്ചായത്ത് ഭരണസമിതി മാറിയതോടെ ജനങ്ങൾക്കൊപ്പം നിൽക്കാതെ സ്വകാര്യ റിസോട്ട് ഉടമകൾക്കായി നിലപാട് സ്വീകരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അടച്ചുപൂട്ടിയിട്ട് പ്രവേശനം നിരോധിച്ചാണ് നിർമാണം നടത്തുന്നത്. ഭാവിയിൽ മലിനജലമടക്കം അരുവിയിലേക്ക് ഒഴുക്കുന്ന നിലയിലാണോ പ്രവൃത്തി നടുത്തുന്നതെന്ന ആശങ്കയും പ്രദേശത്തുണ്ട്. റിസോർട്ട് നിർമാണം ആരംഭിച്ചശേഷം ഒഴുകുന്ന വെള്ളത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.










0 comments