പുൽപ്പള്ളിയിൽ മഴക്കുറവ് 85 ശതമാനം

പുൽപ്പള്ളി കഴിഞ്ഞവർഷം മേയിൽ പുൽപ്പള്ളി മേഖലയിൽ പെയ്‌ത മഴ 2,040 മില്ലിമീറ്ററായിരുന്നു. ഇത്തവണ ലഭിച്ചത് 295 മില്ലിമീറ്റർ മാത്രം. 85 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്. 2025 ജൂണിൽ പെയ്‌തത് 1,755 മില്ലിമീറ്ററായിരുന്നു. ഇത്തവണ ജൂണിൽ ഇതുവരെ ലഭിച്ചത് 215 മില്ലിമീറ്റർ മാത്രം. ഏപ്രിലിലും മഴക്കുറവായിരുന്നു. 2025ൽ 525 മില്ലിമീറ്റർ വേനൽമഴ ലഭിച്ചപ്പോൾ ഇൗ വർഷം ഏപ്രിലിൽ കിട്ടിയത് 310 മില്ലിമീറ്റർ മാത്രം. മഴക്കണക്കിൽ ഞെട്ടിക്കുന്ന കുറവാണിത്. കഴിഞ്ഞ വർഷത്തെ ഭേദപ്പെട്ട മഴയിൽ കർഷകർ കുളങ്ങളിലെല്ലാം വെള്ളം നിറച്ചു. കിണറുകളിലും അരുവികളിലും ജലലഭ്യതയുണ്ടായി. ഇത്തവണ വേനലിൽ ഇതായിരുന്നു ആശ്രയം. ഇപ്പോൾ കിണറെല്ലാം വറ്റി. 48 റിങ്ങുള്ള കിണറിൽ രണ്ട് റിങ് വെള്ളം മാത്രമാണുള്ളതെന്ന് കേളക്കവലയിലെ കർഷകൻ രാജപ്പൻ പറഞ്ഞു. കന്നാരംപുഴ കബനിയോട് ചേരുന്ന കൊളവള്ളിയിൽ എത്തുന്പോഴേക്കും നേരിയ നീർച്ചാൽ മാത്രമാണ്. വനമേഖലയിൽകൂടി ഒഴുകിയിട്ടും വെള്ളമില്ല. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ മഴ ലഭിച്ചതുകൊണ്ടാണ് കബനി പൂർണമായും വരളാതിരുന്നത്. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിൽ കാലവർഷം കനിഞ്ഞില്ലെങ്കിൽ അതിരൂക്ഷ വരൾച്ചയിലേക്കാകും നീങ്ങുക.









0 comments