ad
Deshabhimani

മുണ്ടക്കൈ ട‍ൗൺഷിപ് 3 വീട്‌ വാർത്തു

മുണ്ടക്കൈ ട‍ൗൺഷിപ്
വെബ് ഡെസ്ക്

Published on Aug 22, 2025, 12:01 AM | 1 min read

കൽപ്പറ്റ മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി കൽപ്പറ്റയിൽ ഒരുങ്ങുന്ന ട‍ൗൺഷിപ്പിൽ മൂന്ന്‌ വീടുകൂടി വാർത്തു. ആദ്യസോണിൽ മാതൃകാവീടിനോട്‌ ചേർന്ന മൂന്ന്‌ വീടിനാണ്‌ വ്യാഴാഴ്‌ച മേൽക്കൂരയായത്‌. രണ്ട്‌ വീടുകൂടെ ഇതിനോട്‌ ചേർന്ന്‌ വാർപ്പിന് സജ്ജമായിട്ടുണ്ട്‌. നിർമാണം ആരംഭിച്ച്‌ 105 ദിവസത്തിനുള്ളിലാണ്‌ കാലവർഷ പ്രതിസന്ധി മറികടന്ന്‌ മാതൃകാവീട്‌ പൂർത്തിയാക്കിയത്‌. മഴയ്‌ക്ക്‌ നേരിയ ശമനമായതോടെ ബാക്കി വീടുകളുടെ പ്രവൃത്തി അതിവേഗത്തിൽ പൂർത്തിയാക്കാനാണ്‌ നിർമാണ ചുമതലയുള്ള ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ ശ്രമം. അഞ്ച്‌ സോണുകളിലായി 252 വീടിന്‌ നിലമൊരുക്കി. 84 എണ്ണത്തിന്‌ അടിത്തറ ഒരുക്കാൻ കുഴിയെടുത്ത്‌ മണ്ണ്‌ പരിശോധന പൂർത്തിയാക്കി. 36 വീടിന്‌ അടിത്തറയായി. 27 വീടിന്‌ പില്ലറും ഉയർന്നു. മാതൃകാവീടിന്‌ സമാനമായാണ്‌ മറ്റു വീടുകളും ഉയരുന്നത്‌. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന നിലയിൽ ‘ഫ്രെയ്‌മിഡ്‌ സ്‌ട്രക്‌ച്ചർ’ നിർമാണമാണ്‌. കോൺക്രീറ്റ്‌ മിശ്രിതം ശാസ്ത്രീയ പരിശോധനക്ക്‌ വിധേയമാക്കിയാണ്‌ വാർപ്പിന്‌ ഉപയോഗിക്കുന്നത്‌. സാമ്പിൾ 28 ദിവസം വെള്ളത്തിൽ കുതിർത്തി മെഷീനിൽ പൊട്ടിച്ചെടുത്ത്‌ കരുത്തും പരിശോധിക്കുന്നുണ്ട്‌. രാത്രിയിലും വെളിച്ചം സജ്ജീകരിച്ചാണ്‌ നിർമാണം. ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ ഇരുന്നൂറോളം തൊഴിലാളികളുണ്ട്‌. സർക്കാർ ഏറ്റെടുത്ത 64.47 ഹെക്‌ടറിൽ 410 വീടുകളാണ്‌ നിർമിക്കുക. ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടിയിലാണ്‌ വീട്‌. ജനുവരിക്കുമുമ്പ്‌ ഗുണഭോക്താക്കൾക്ക്‌ വീട്‌ കൈമാറാനാണ്‌ പരിശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home