ad
Deshabhimani

ഓർമകളിൽ വിതുമ്പി ഒരാണ്ട്‌

ഹൃദയഭൂമി
വെബ് ഡെസ്ക്

Published on Jul 31, 2025, 12:00 AM | 1 min read

മേപ്പാടി

ദു:ഖഭാരത്താൽ ഘനീഭവിച്ച മുഖത്തോടെയാണ്‌ അവരെല്ലാം അനുസ്‌മരണ യോഗത്തിനെത്തിയത്‌. നിശ്ശബ്ദമായി പരസ്‌പരം നോക്കിനിന്നു. ഒരുനാട്ടിൽ വർഷങ്ങളോളം ഒരുമിച്ച്‌ ജീവിച്ചവർ വാക്കുകൾ കിട്ടാതെ വീർപ്പുമുട്ടി. മേപ്പാടി എംഎസ്‌എ ഹാളിൽ നടന്ന മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ അനുസ്മരണത്തിലാണ്‌ ദുരന്തത്തെ തുടർന്ന്‌ വിവിധ ഭാഗങ്ങളിലേക്ക്‌ ചിതറിയവർ ഒരുമിച്ചത്‌.

പുത്തുമലയിലെ ഹൃദയഭൂമിയിൽ ആദരമർപ്പിച്ചാണ്‌ എല്ലാവരും അനുസ്‌മരണ യോഗത്തിനെത്തിയത്‌. ജനിച്ചനാൾ മുതൽ അയൽവാസികളായിരുന്നവർ ഇന്ന്‌ പല സ്ഥലങ്ങളിലാണ്‌. ചിലരെല്ലാം ജീവിച്ചിരിക്കുന്നവരെക്കുറിച്ച്‌ മാത്രം സംസാരിച്ചു. പരസ്‌പരം ആത്മവിശ്വാസം പകർന്നു.

അനുസ്‌മരണ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി കെ രാജനും ഒരു നിമിഷം പതറി. പ്രസംഗം വൈകാരികമായി. അറിയാതെ ഉറ്റിയ കണ്ണീർ തുടച്ചുമാറ്റിയാണ്‌ പ്രസംഗം മന്ത്രി തുടർന്നത്‌. സദസ്സിലുള്ളവരും വിതുമ്പി. നഷ്ടമായതിനൊന്നും പരിഹാരമാവില്ലെങ്കിലും തുടർ ജീവിതത്തിന്‌ എല്ലാ സഹായവും പിന്തുണയും സർക്കാരിൽനിന്നുണ്ടാവുമെന്ന്‌ മന്ത്രി പറഞ്ഞു. ഹൃദയത്തിൽനിന്നുത്ഭവിച്ച കരഘോഷത്തോടെ അവർ സ്വീകരിച്ചു.

ദുരന്തത്തിന്റെ വ്യാപ്‌തിയും അതിജീവനത്തിന്റെ നാൾവഴികളും വിശദമാക്കുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

മന്ത്രി ഒ ആർ കേളു അനുസ്‌മരണ പ്രഭാഷണം നടത്തി. ടി സിദ്ദിഖ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരയ്‌ക്കാർ എന്നിവർ സംസാരിച്ചു. കലക്ടർ ഡി ആർ മേഘശ്രീ സ്വാഗതവും മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബാബു നന്ദിയും പറഞ്ഞു. എല്ലാവർക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. മന്ത്രിമാരുൾപ്പെടെ ദുരിതബാധിതർക്കൊപ്പം ഭക്ഷണം കഴിച്ചാണ്‌ മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home