ad
Deshabhimani

തിരക്കേറി മാതൃകാ വീട്​; മനംനിറഞ്ഞ്​ മടക്കം

മാതൃകാ വീട്​
വെബ് ഡെസ്ക്

Published on Aug 01, 2025, 12:15 AM | 1 min read

കൽപ്പറ്റ ഉരുൾ ദുരന്തബാധിതർക്കായി നിർമിക്കുന്ന ട‍ൗൺഷിപ്പിലെ മാതൃകാ വീട്​ കാണാൻ കൂടുതൽ ഗുണഭോക്താക്കളെത്തുന്നു. ദുരന്തത്തിന്​ ഒരാണ്ട്​ തികഞ്ഞ ബുധനാഴ്ചയാണ്​ പണി പൂർത്തിയാക്കി വീട്​ പ്രദർശനത്തിനുവച്ചത്​. ഗുണഭോക്താക്കൾക്കൊപ്പം പൊതുജനങ്ങളും എൽസ്​റ്റൺ എസ്റ്റേറ്റിലേക്ക്​ എത്തുകയാണ്​. വീടിനും പുനരധിവാസത്തിനും എതിരെയുള്ള എല്ലാ കുപ്രചാരണങ്ങളെയും തള്ളി സന്തോഷത്തോടെയാണ്​ എല്ലാവരുടെയും മടക്കം. ‘നല്ല വീടാണ്. ഒരുപാടിഷ്ടമായി. തുടക്കം മുതലുള്ള സർക്കാർ സഹായം ഇപ്പോഴും കിട്ടുന്നുണ്ട്. എല്ലാം നഷ്ടമായ ഞങ്ങളെ ഇങ്ങനെ സഹായിക്കുമ്പോ എങ്ങനെയാ സർക്കാരിനെ കുറ്റം പറയുക’–ടൗൺഷിപ്പിലെ മാതൃകാവീട് കാണാനെത്തിയ ദുരിതബാധിതരായ ഗണേശന്റെയും ജാഫറിന്റെയും ബിജോയിയുടെയും ഒരേ സ്വരത്തിലുള്ള വാക്കുകൾ. മാതൃകാവീടിനെ കുറ്റം പറയുന്നവരോടുള്ള രോഷവും മറച്ചുവച്ചില്ല. വ്യാഴം രാവിലെ മുതൽ നിരവധി ദുരിതബാധിതരാണ് വീട് കാണാനെത്തുന്നത്. പുതുജീവിതം പടുത്തുയർത്താനുള്ള വീടുകൾ ടൗൺഷിപ്പിൽ ഉയരുന്നതുകണ്ട് നിറമനസ്സോടെയാണ് ഇവരുടെ തിരിച്ചുപോക്ക്. ‘ ആഴ്ചയിൽ ഒരുതവണയെങ്കിലും ഇവിടെ വരാറുണ്ട്. വീടുപണി കാണുമ്പോൾ സന്തോഷമാണ്. ഞാൻ ചെളിയിൽനിന്ന്​ കയറിവന്നവനാണ്. കുടുംബക്കാർ 26 പേർ പോയി. ജീവൻ കിട്ടിയത്​ ഭാഗ്യം. ഈ സർക്കാരിനെതിരെ ഒന്നും പറയാനില്ല. ആദ്യം പതിനായിരം തന്നു. ദുരിതം അനുഭവിച്ചവർക്ക് അന്ന് മുതൽ ഇതുവരെ ഒമ്പതിനായിരം തരുന്നുണ്ട്. എല്ലാമാസവും ഒന്നാം തീയതി അക്കൗണ്ടിൽ വാടക കയറും. പിന്നെ എന്തിനാണ് കുറ്റം പറയുന്നത്?’ ഗണേശൻ ചോദിച്ചു. 12 വർഷം ഗൾഫിൽ ജോലിചെയ്തയാളാണ് ജാ-ഫർ. ചൂരൽമല ക്ഷേത്രത്തിന് സമീപമായിരുന്നു വീട്. രണ്ട് കടയുമുണ്ടായിരുന്നു. ജീവൻ മാത്രം തിരിച്ചുകിട്ടി. സർക്കാരിനോട് ഒരു പരിഭവവും ജാഫറിനില്ല. എല്ലാ സഹായവും ലഭിക്കുന്നുമുണ്ട്. കൃത്യമായി ഒരു ജോലിക്ക്​ പോകാനാവുന്നില്ല എന്നത് മാത്രമാണ് പ്രയാസം. ‘ഇവിടെ വീടായാൽ ടൗണിൽ തന്നെ പണി കിട്ടും. അതോടെ ആ പ്രശ്നവും പരിഹരിക്കാനാവും’– ആത്മവിശ്വാസത്തോടെ ജാഫർ പറഞ്ഞു. അച്ഛനും അമ്മയുമടക്കം ഒമ്പതുപേർ നഷ്ടമായ ബിജോയിക്കും മറിച്ചൊരഭിപ്രായമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home