സീതയുടെ അരികിലെത്തി സ്വന്തം പാത്തുമ്മ

പുത്തുമല
അഞ്ചുവയസ്സുമുതൽ പാത്തുമ്മക്കുട്ടിയും സീതാ കണ്ണും ഒരുമിച്ചായിരുന്നു. മുണ്ടക്കൈയിലെ ഹാരിസൺ മലയാളം എസ്‌റ്റേറ്റിന്റെ പാടിയുടെ മുറ്റത്ത് ഒരുമിച്ച് കളിച്ചുവളർന്നു. സീത എവിടെ പോയാലും പാത്തുമ്മക്കുട്ടിയെയും കൂടെ കൂട്ടുമായിരുന്നു. അവസാനയാത്രയിൽ പാത്തുമ്മക്കുട്ടിയെ തനിച്ചാക്കി സീത പോയി. ചൂരൽമലയെ തകർത്തെറിഞ്ഞ് ഒഴുകിയെത്തിയ ഉരുൾ ചൂരൽമല സ്‌കൂൾ റോഡിൽ താമസിച്ചിരുന്ന സീതയെ കൊണ്ടുപോയി. പുത്തുമലയിലെ ‘ഹൃദയഭൂമി' ശ്‌മശാനത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓർമകളുമായി പാത്തുമ്മക്കുട്ടി വീണ്ടുമെത്തി. പ്രിയപ്പെട്ടവളുടെ കല്ലറയ്‌ക്ക് മുന്നിൽ തൊഴുകൈയുമായി നിന്നു. പ്രാർഥനയ്‌ക്ക് ഇടയിൽ വിങ്ങിപ്പൊട്ടിയ സീതയുടെ മകൾ അജിതയെ ചേർത്തണച്ച് ആശ്വസിപ്പിച്ചു.
"എന്റെ ജീവനായിരുന്നു. ചെറുപ്പം മുതൽ ഒരുമിച്ചായിരുന്നു. ഒരു കുടുംബംപോലെയാണ് ഞങ്ങൾ കഴിഞ്ഞത്. 30 കൊല്ലം എസ്‌റ്റേറ്റിൽ ഒരുമിച്ച് പണിയെടുത്തു. അവൾ പോയ അന്നുമുതൽ ഞാൻ നന്നായൊന്ന് ഉറങ്ങിയിട്ടില്ല.'-_ കരച്ചിലടക്കാൻ പാടുപെട്ട് പാത്തുമ്മക്കുട്ടി പറഞ്ഞു. ഭർത്താവ് കുഞ്ഞുമുഹമ്മദിനും മകൻ ഷൗഫീഖിനുമൊപ്പം കാപ്പംകൊല്ലിയിലെ വാടകവീട്ടിലാണ് നിലവിൽ താമസം.










0 comments