ad
Deshabhimani

ജീവിതത്തിന്റെ മുബാറക്ക്‌

മുബാറക്ക്‌ ടെയ്‌ലറിങ്
വെബ് ഡെസ്ക്

Published on Jul 30, 2025, 12:00 AM | 1 min read

കൽപ്പറ്റ മേപ്പാടിയിലെ ക്രിസ്‌ത്യൻ പള്ളിയ്‌ക്ക്‌ എതിർവശത്ത്‌ "മുബാറക്ക്‌ ടെയ്‌ലറിങ് ആൻഡ്‌ റെഡിമെയ്‌ഡ്‌സ്‌' എന്ന ബോർഡ്‌ കാണാം. മുബാറക്ക്‌ എന്നാൽ അനുഗ്രഹിക്കപ്പെട്ടത്‌ എന്നാണർഥം. കടയുടെ അകത്ത്‌ ഷെമീറത്ത്‌ തിരക്കിലാണ്‌. ഉരുൾ കീറിയെടുത്ത ജീവിതം വീണ്ടും തുന്നുകയാണ്‌ ഈ നാൽപ്പത്തിയഞ്ചുകാരി. ഒപ്പം ഭർത്താവ്‌ ഷംസുദ്ദീനുമുണ്ട്‌. ദുരന്തത്തിന്‌ മുമ്പ്‌ ചുരൽമല സ്‌കൂൾ റോഡിലായിരുന്നു താമസം. വീടടക്കം ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒലിച്ചുപോയി. -30 സെന്റ്‌ സ്ഥലം, ചുരൽമല ടൗണിലെ ഇരുമുറി കെട്ടിടവും അതിലെ തയ്യൽക്കടയും ടെക്‌സ്റ്റൈൽ ഷോപ്പും ഫാൻസി കടയും നഷ്ടമായി. സർക്കാരിന്റെയും കുടുംബശ്രീയുടെയും കൈപിടിച്ച്‌ വീണ്ടും ജീവിതത്തിൽ പിച്ചവയ്‌ക്കുകയാണ്‌. കുടുംബശ്രീ പ്രത്യാശ പദ്ധതിയിൽ രണ്ടുലക്ഷം രൂപ തിരിച്ചടവില്ലാത്ത ഗ്രാന്റായി നൽകി. ഈ തുക ഉപയോഗിച്ച്‌ ആരംഭിച്ച തയ്യൽക്കടയാണ്‌ ഇനി ജീവിത പ്രതീക്ഷ. ‘സർക്കാർ 6000 രൂപ വീട്ടുവാടകയും മാസം 9000 രൂപ ജീവനോപാധിയും തരുന്നുണ്ട്‌' -–- അതിജീവനത്തിന്റെ ഊർജമുണ്ട്‌ ഷമീറത്തിന്റെ വാക്കുകളിൽ. ചുരൽമലയിലെ തയ്യൽക്കടയും ടെക്‌സ്റ്റൈൽ ഷോപ്പും നോക്കി നടത്തിയിരുന്നത്‌ ഷമീറത്തായിരുന്നു. ഷംസുദ്ദീൻ അട്ടമലയിൽ 25 ഏക്കർ തേയിലത്തോട്ടം പാട്ടത്തിനെടുത്ത്‌ നടത്തുകയായിരുന്നു. ഓട്ടോയും ജീപ്പുമുണ്ടായിരുന്നു. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ വാഹനങ്ങൾക്കും കേടുപാടുപറ്റി. വീടിന്റെ രണ്ടാം നിലയുടെ നിർമാണം നടക്കുന്നതിനാൽ ചുരൽമല ടൗണിലെ കടമുറിയിലായിരുന്നു താമസം. അതിനാലാണ്‌ ജീവൻ തിരികെ ലഭിച്ചതെന്ന്‌ ഷംസുദ്ദീൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home