ശുചിമുറിയില്ല ആ ‘ശങ്ക’ പെരുവഴിയിൽ

മാനന്തവാടി നഗരസഭയാണ്. തിരക്കേറെയാണ് നഗരത്തിൽ. പ്രതിദിനം ആയിരങ്ങളെത്തും. അനുദിനം അങ്ങാടി വളരുന്നു. വാഹനങ്ങൾ പെരുകി. സ്ഥാപനങ്ങളേറി. രാത്രിയും പകൽപോലെ തിരക്കുണ്ടാകും. എന്നാൽ നഗരത്തിലെത്തുന്നവർ പ്രാഥമികകൃത്യം നിർവഹിക്കാൻ നട്ടം തിരിയണം. മാനന്തവാടി ടൗണിൽ ശുചിമുറി ഇല്ലാതായിട്ട് കാലങ്ങളായി. ആളുകൾക്ക് ആ ‘ശങ്ക’ അകറ്റാൻ പെരുവഴിതന്നെ ശരണം. സ്‌ത്രീകൾ ഹോട്ടലുകളും കടകളും തേടി പോകണം. നേരത്തെ ടൗൺ മധ്യത്തിൽ ഗാന്ധിപാർക്കിനോട് ചേർന്നുണ്ടായിരുന്ന ശൗചാലയം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചതോടെയാണ് പൊതുജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതായത്. പകരം ഫലപ്രദമായ സംവിധാനം ഒരുക്കാൻ നഗരസഭ തയ്യാറായില്ല. ഗാന്ധിപാർക്ക് പരിസരത്ത് രണ്ട് ഇ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. രണ്ട് മാസം പിന്നിട്ടതോടെ രണ്ടും ഉപയോഗശൂന്യമായി. സമരങ്ങൾ കനത്തതോടെ ഇവിടെത്തന്നെ താൽക്കാലിക ശുചിമുറി ഒരുക്കി. മാസങ്ങൾ തികയുംമുമ്പേ ഇതും അടച്ചുപൂട്ടി. മാലിന്യ സംസ്‌കരണ സംവിധാനം ശാസ്‌ത്രീയമാകാതിരുന്നതിനാലാണ് പൂട്ടേണ്ടി വന്നത്. ബസ് സ്‌റ്റാൻഡ് പരിസരത്ത് എൽഎഫ് സ്‌കൂൾ അധികൃതർ നഗരസഭക്ക് സൗജന്യമായി നൽകിയ സ്ഥലത്തെ ശുചിമുറി നിർമാണം വർഷങ്ങളായിട്ടും പൂർത്തീകരിച്ചില്ല. 60 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടം നിർമിച്ച് പാതിവഴിയിലാക്കി. അടങ്കലിലെ അപാകമാണ് നിർമാണം നിലച്ചത്. മറ്റുനിർമാണങ്ങൾക്ക് തുക വകയിരുത്തിയില്ല. ബസ് സ്റ്റാൻഡിനകത്തെ ശുചിമുറി വൃത്തിഹീനമാണ്. മാലിന്യം പുറത്തേക്കൊഴുകും. ശുചിമുറിക്ക് അകത്തുകയറിയാൽ സഹാസികമായിട്ടുവേണം ‘കാര്യം സാധിക്കാൻ’. എപ്പോഴും ദുർഗന്ധം വമിക്കും. ഫലത്തിൽ നഗരത്തിൽ വെളിയിട വിസർജനമാണ്. സ്‌ത്രീകളും ടാക്‌സി തൊഴിലാളികളുമാണ് കൂടുതൽ ദുരിതം പേറുന്നത്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, ആർഡിഒ ഓഫീസ്, നഗരസഭാ കാര്യാലയം, വില്ലേജ് ഓഫീസ് എന്നിവയെല്ലാം നഗരകേന്ദ്രീകൃതമാണ്. ഇവിടെയെത്തുന്നവരെല്ലാം ശുചിമുറി തേടി അലയണം.










0 comments