ad
Deshabhimani

ഇതരസംസ്ഥാന തൊഴിലാളികളുടെ 
താമസസ്ഥലത്ത്‌ സുരക്ഷ ഉറപ്പാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2025, 12:01 AM | 1 min read

കൽപ്പറ്റ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം പരിശോധിച്ച് സുരക്ഷാ ക്രമീകരണം ഉറപ്പാക്കാനും കേടുപാടുകളുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തണമെന്നും കലക്‌ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതിയോഗത്തിൽ മന്ത്രി ഒ ആർ കേളു നിർദേശം നൽകി. പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിലെ ഉന്നതിക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി വനംവകുപ്പ് എൻഒസി ആവശ്യമാകുമ്പോൾ ഐടിഡിപിയും വനംവകുപ്പും ചേർന്ന്‌ ഇടപെടണമെന്നും പട്ടയം അനുവദിക്കേണ്ട വിഷയത്തിൽ തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുടെ ഓരങ്ങളിലെ കാടുവെട്ടാനും പുൽപ്പള്ളി–--ചേകാടി റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ ഒടിഞ്ഞുവീഴാറായ മരങ്ങൾ മുറിക്കാനും കലക്‌ടർ ഡി ആർ മേഘശ്രീ നിർദേശം നൽകി. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിക്കാൻ 26 തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ലഭിച്ച 585 അപേക്ഷകളിൽ 407 മരങ്ങൾ മുറിച്ചുമാറ്റി. തദ്ദേശസ്ഥാപന പരിധികളിൽ ജലസംഭരണത്തിനായി നിർമിച്ച പദ്ധതികൾ കാലവർഷത്തിൽ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാൽ അതീവ ശ്രദ്ധപുലർത്തണമെന്നും തദ്ദേശസ്ഥാപനത്തിന് കീഴിലെ ജലസംഭരണികളിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും കലക്‌ടർ നിർദേശിച്ചു. കോടനാട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിർമിച്ച തടയണയിലെ ജലം ഒഴിവാക്കിക്കളഞ്ഞു. തടയണ ഡാം സേഫ്റ്റി അതോറിറ്റി പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെഎസ്ഇബി ബാണാസുര ഡാമിനായി ഏറ്റെടുത്ത കുതിര പാണ്ടി റോഡിന് പകരം അനുവദിച്ച പുതിയ റോഡ് സഞ്ചാരയോഗ്യമാക്കണം. അതിദരിദ്ര ഭൂരഹിതരായ 141 പേർക്ക് വീട് നിർമാണത്തിന് ഭൂമി ലഭ്യമാക്കുന്നതിന് സ്ഥലം കണ്ടെത്തുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം അറിയിച്ചു. സ്‌കൂളുകളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പഞ്ചായത്തുകളും ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കണം. എഡിഎം കെ ദേവകി, ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദൻ അടക്കമുള്ളവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home