തകർക്കാനാകില്ല
കിഫ്‌ബിയിൽ പൂത്തത് 381.14 കോടിയുടെ വികസനം

കൽപ്പറ്റ വികസനത്തിന്റെ ലോക മാതൃകയിലേക്ക് കേരളത്തെ നയിച്ച കിഫ്‌ബിയിലൂടെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) ജില്ലയിൽ ഒന്നും രണ്ടും പിണറായി വിജയൻ സർക്കാർ യാഥാർഥ്യമാക്കിയത് 381.14 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നതിന് പുറമെയാണ് ട്രിപ്പിൾ സെഞ്ച്വറിയും കടന്ന് മാമലനാടിന്റെ പശ്ചാത്തല വികസനം കുതിച്ചത്. ഒരുകോടി മുതൽ 110.01 കോടിരൂപവരെ വിനിയോഗിച്ച നാൽപ്പതിലേറെ ബൃഹദ് പദ്ധതികൾ ജില്ലയിൽ യാഥാർഥ്യമാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനും മലയോര ജനതയുടെ ജീവൽ പ്രശ്‌നങ്ങൾക്കും ഉൗന്നൽ നൽകി വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, വന്യജീവി പ്രതിരോധം, കായികം തുടങ്ങിയ മേഖലകളിലാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ചരിത്രമുന്നേറ്റം തീർത്തത്. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെയുള്ള 39 സർക്കാർ സ്‌കൂളുകളിൽ ഒരു കോടിരൂപ മുതൽ എട്ടുകോടി രൂപവരെയുള്ള തുക വിനിയോഗിച്ച് ആധുനിക കെട്ടിടങ്ങളും ഡിജിറ്റൽ ക്ലാസ്‌മുറി ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സൗകര്യങ്ങളും ഒരുക്കി. ഉന്നത വിദ്യാഭ്യാസത്തിൽ മാനന്തവാടി പോളി ടെക്‌നിക്ക് കോളേജിന് 13.12 കോടി രൂപയിൽ കെട്ടിടം യാഥാർഥ്യമാക്കി. മാനന്തവാടി ഗവ. കോളേജിന് 5.27 കോടി രൂപയുടെ കെട്ടിടമൊരുക്കി ഗവേഷണ വിഭാഗം ഉൾപ്പെടെ കൊണ്ടുവന്നു. വന്യമൃഗ ശല്യത്തിന് ഫെൻസിങ് ഒരുക്കി മനുഷ്യരെ സുരക്ഷിതരാക്കാൻ 110.01 കോടി രൂപ വിനിയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയത്. നല്ലൂർനാട് കാൻസർ സെന്റർ, മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ 1.69 കോടി രൂപ വീതം ഉപയോഗിച്ച് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചതും തിളങ്ങുന്ന അധ്യായമായി. ജില്ലയുടെ ഗതാഗത മികവിന്റെ നേർസാക്ഷ്യമായി മാറിയ മാനന്തവാടി– കൈതക്കൽ റോഡ്, മാനന്തവാടി–പക്രന്തളം, കണിയാമ്പറ്റ– മീനങ്ങാടി എന്നീ റോഡുകൾക്കായി 100.54 കോടി രൂപയാണ് വിനിയോഗിച്ചത്. മലയോര ഹൈവേയും കൽപ്പറ്റ– വാരാമ്പറ്റ റോഡ്, കൈനാട്ടി-–കമ്പളക്കാട്, മേപ്പാടി–ചൂരൽമല തുടങ്ങിയ പാതകളും ഇതിനു പുറമെ പ്രവൃത്തി പുരോഗമിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌റ്റേഡിയങ്ങളിൽ ഒന്നായാണ് മരയവയൽ ജില്ലാ സ്‌റ്റേഡിയം യാഥാർഥ്യമാക്കിയത്. സിന്തറ്റിക്ക് ട്രാക്കും ആധുനിക പുൽമൈതാനവും പവലിയനും സ്‌പോർട്‌സ് ഹോസ്റ്റലുമെല്ലാം ഉൾപ്പെടെ 18.67 കോടി രൂപ മരവയലിലെ കായികസ്വപ്‌നങ്ങൾക്കായി വിനിയോഗിച്ചു. പൂർത്തിയായ പദ്ധതികളെക്കാൾ ഇരട്ടിയിലധികം പദ്ധതികളാണ് ഇടത് സർക്കാരിന്റെ തുടർച്ചയിൽ യാഥാർഥ്യമാകാൻ കാത്തുനിൽക്കുന്നത്. 2134 കോടി പ്രതീക്ഷിത ചെലവ് കണക്കാക്കുന്ന ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത പ്രവൃത്തിയും കിഫ്‌ബി ഫണ്ടിലാണ്.









0 comments