കൊട്ടിക്കയറി സുകുമാരൻ
കൊട്ടിക്കയറി സുകുമാരൻ

കണിയാമ്പറ്റ മാറ്റത്തിന്റെ കാറ്റുവീശുന്ന കണിയാന്പറ്റയിൽ ചെണ്ടവാദ്യത്തിന്റെ താളത്തിൽ പി എം സുകുമാരൻ കൊട്ടിക്കയറുകയാണ്. ഒപ്പം എൽഡിഎഫ് പ്രവർത്തകരും വാദ്യമേള കലാകാരന്മാരും. ജില്ലാ പഞ്ചായത്ത് കണിയാന്പറ്റ ഡിവിഷനിൽ മാറ്റത്തിനായാണ് ഇത്തവണ എൽഡിഎഫ് വോട്ട് തേടുന്നത്. സ്ഥാനാർഥി എത്തുന്നിടത്തെല്ലാം ആവേശ സ്വീകരണവും വോട്ടുറപ്പുമാണ്. ഡിവിഷനിൽ ഉൾപ്പെട്ട കോട്ടത്തറ പഞ്ചായത്ത് പരിധിയിലായിരുന്നു തിങ്കളാഴ്‌ച പ്രചാരണം. സ്ഥാനാർഥിയുടെ നാടുകൂടി ഉൾപ്പെട്ട പ്രദേശത്ത് അമ്മമാരും കുട്ടികളും ഉൾപ്പെടെയുള്ളവർ വരവേറ്റു. എല്ലാവർക്കും പരിചിതമുഖം. ഉത്സവപ്പറന്പുകളിലും ക്ഷേത്രങ്ങളിലുമെല്ലാം സുകുമാരന്റെ ചെണ്ടപ്പെരുക്കം കണ്ടവരാണെല്ലാവരും. ചെറുപ്പംമുതലേ അമ്പലങ്ങളിലും തിറയ്‌ക്കും തെയ്യത്തിനുമെല്ലാം ചെണ്ടകൊട്ടി തുടങ്ങിയതാണ്. ഇപ്പോഴും തുടരുകയാണ്. കലാപ്രകടനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച സുകുമാരനെ തങ്ങളുടെ ജനപ്രതിനിധിയാക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിലും സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ അരികിലേക്ക് എത്തിയപ്പോഴും സ്‌നേഹോഷ്‌മള സ്വീകരണം. ആവശ്യങ്ങൾ കേട്ടു. തുടർച്ചയായി യുഡിഎഫ് അംഗം ജയിച്ചുപോകുന്ന ഡിവിഷനിൽ ഇത്തവണ എൽഡിഎഫ് മുന്നേറ്റമാണ്. പഞ്ചായത്തിലെ യുഡിഎഫ് ഭരണത്തിൽ ഗ്രാമീണ വികസനം പൂർണമായും സ്‌തംഭിച്ചു. അടിസ്ഥാന പ്രശ്‌നങ്ങൾക്കുപോലും പരിഹാരമുണ്ടായില്ല. അഞ്ചുകൊല്ലവും അധികാര തർക്കവും വീതംവയ്‌പുമായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് പ്രചാരണം. കേരളത്തിന്റെ പൊതുവികസനത്തിനൊപ്പം സഞ്ചരിക്കാൻ കണിയാന്പറ്റയ്‌ക്കായില്ല. നാടിന്റെ ശബ്ദമായി മാറുമെന്ന ഉറപ്പാണ് സ്ഥാനാർഥി നൽകുന്നത്. ഇതിനകം ഡിവിഷനിലെ എല്ലാ വാർഡുകളിലും പര്യടനം നടത്തി. എൻസിപി ജില്ലാ കമ്മിറ്റി അംഗവും കേരള ദളിത് ഫെഡറേഷൻ ജില്ല്ലാ പ്രസിഡന്റുമായ സുകുമാരൻ പട്ടികജാതി സംസ്ഥാന ഉപദേശക സമിതി മുൻ അംഗവും ജില്ലാ പൊലീസ് മേധാവിയുടെ എസ്‌സി–എസ്‌ടി മോണിറ്ററിങ് കമ്മിറ്റി അംഗവുമാണ്. ദളിത് മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്.









0 comments