ad
Deshabhimani

16 ദിവസത്തിനിടെ രണ്ടാമത്തെ ജീവനെടുത്ത്‌ കാട്ടാന

ആശുപത്രിയിൽ മൃതദേഹവുമായി പ്രതിഷേധാഗ്നി

കാട്ടാന
വെബ് ഡെസ്ക്

Published on Jun 11, 2026, 12:30 AM | 2 min read

മാനന്തവാടി കാട്ടിക്കുളം പുളിമൂടുകുന്ന്‌ മിച്ചഭൂമിയിലെ രാജുവിനെ കാട്ടാന ആക്രമിച്ച്‌ കൊന്നതിൽ പ്രതിഷേധം ജ്വലിച്ചു. ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും മൃതദേഹവുമായി മണിക്കൂറുകൾ പ്രതിഷേധമുയർത്തി. സിപിഐ എം നേതാക്കളുൾപ്പെടെയുള്ളവർ നേതൃത്വം നൽകി. ബുധൻ രാവിലെ 10.20ഓടെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രാജു പകൽ രണ്ടോടെയാണ്‌ മരിച്ചത്‌. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു പ്രതിഷേധത്തിന്‌ തുടക്കം. മൃതദേഹം മാറ്റാൻ അനുവദിച്ചില്ല. കുടുംബത്തിന്‌ അടിയന്തരമായി സഹായം നൽകണമെന്നും കാട്ടാനശല്യത്തിന്‌ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾ പൊട്ടിക്കരഞ്ഞ്‌ വൈകാരികമായി പ്രതികരിച്ചു. ‘മനുഷ്യജീവന്‌ വിലയില്ലേ’ എന്ന ചോദ്യമുയർത്തിയായിരുന്നു പ്രതികരണം. ഡിഎഫ്‌ഒയും സ്ഥലം എംഎൽഎയും ജില്ലാധികൃതരും സ്ഥലത്തെത്തണമെന്നും ആവശ്യപ്പെട്ടു. പിന്നീട്‌ ഡിഎഫ്ഒ ആര്‍ സന്തോഷ്‌കുമാറെത്തി പ്രതിഷേധക്കാരുമായി പ്രാഥമികചര്‍ച്ച നടത്തിയെങ്കിലും ജില്ലാ ഭരണാധികാരികൾ എത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഉഷാവിജയന്‍ എംഎല്‍എ മൃതദേഹം കാണാന്‍ തയ്യാറാകാതിരുന്നതോടെ എംഎല്‍എക്കെതിരെയും പ്രതിഷേധമുണ്ടായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഒ ആര്‍ കേളുവും ജില്ലാ സെക്രട്ടറി കെ റഫീഖുമടക്കമുള്ള നേതാക്കള്‍ ഇടപെട്ട് ആളുകളെ ശാന്തമാക്കി. വൈകിട്ട് 4.30ഓടെ സബ്കലക്ടര്‍ അതുല്‍ സാഗര്‍ സ്ഥലത്തെത്തി ജനപ്രതിനിധികൾ, രാഷ്ട്രീയപാര്‍ടി പ്രതിനിധികൾ, ബന്ധുക്കൾ എന്നിവരുമായി ചര്‍ച്ച നടത്തി. ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ രാജുവിന്റെ കുടുംബത്തിന്‌ അടിയന്തരമായി 10 ലക്ഷം രൂപ നല്‍കുമെന്നും ആശ്രിതർക്ക്‌ ജോലിയും നല്‍കുമെന്നും ധാരണയായി. 10 ലക്ഷം കൂടാതെ ദുരന്തനിവാരണ ഫണ്ടില്‍നിന്ന്‌ നാലുലക്ഷം രൂപ നല്‍കാനും തീരുമാനമെടുത്തു. ഇതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ച്‌ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന്‌ വിട്ടുകൊടുത്തത്‌. സബ്കലക്ടര്‍ അതുല്‍ സാഗര്‍, ഡിഎഫ്ഒ ആര്‍ സന്തോഷ്‌കുമാര്‍, ഉഷാ വിജയന്‍ എംഎൽഎ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്‍, വൈസ് പ്രസിഡന്റ് കെ ടി ഗോപിനാഥന്‍, ജില്ലാ പഞ്ചായത്തംഗം കെ ആര്‍ ജിതിന്‍, മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവന്‍, മാനന്തവാടി ഏരിയ സെക്രട്ടറി ടി കെ പുഷ്പന്‍, സിപിഐ ജില്ലാ ക‍ൗൺസിൽ അംഗം വി കെ ശശിധരൻ, എൻ കെ വർഗീസ്‌ ഉൾപ്പെടെയുള്ളവർ ചര്‍ച്ചയില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home