ad
Deshabhimani

വരൾച്ച കടുക്കും

ജലസംരക്ഷണ പദ്ധതികളുമായി 
പുൽപ്പള്ളി പഞ്ചായത്ത്

വരൾച്ച
വെബ് ഡെസ്ക്

Published on Sep 17, 2026, 01:30 AM | 1 min read

പുൽപ്പള്ളി വരൾച്ച കടുക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലസംരക്ഷണ പ്രവർത്തനം ഊർജിതം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ജീവനക്കാർ, വിവിധ സ്ഥാപനങ്ങൾ, ജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ്‌ പ്രവർത്തനം. പാക്കം, പാലഞ്ചോല, കരിക്കവയൽ, കട്ടക്കണ്ടി, പുഴമൂല, കുറിച്ചിപ്പറ്റ, ആലൂർക്കുന്ന്, ആനപ്പാറ, ചങ്ങമ്പം, കടമാൻതോട്ടിലെ വേളാങ്കണ്ണി ഭാഗം, ഇല്ലിച്ചുവട്, താഴെയങ്ങാടി, മൂഴിമല മുതൽ ചണ്ണക്കൊല്ലി വരെയുള്ള പ്രദേശങ്ങൾ, തൂപ്ര മുതൽ ചെറ്റപ്പാലം വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവർത്തനം. നീർച്ചാലുകളുടെ വീണ്ടെടുപ്പ്, തോടുകളുടെ സംരക്ഷണം, നീർച്ചാലുകളിലും തോടുകളിലും ജൈവ തടയണകൾ നിർമിക്കൽ, ചെക്ക് ഡാമുകളുടെ ചീപ്പിടൽ തുടങ്ങിയ പ്രവർത്തനമാണ്‌ ആരംഭിച്ചത്‌. കൈത്തോടുകളും തടയണകളും വൃത്തിയാക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. തോടുകൾ, ചെക്ക് ഡാമുകൾ തുടങ്ങിയവയിൽ താൽക്കാലികവും സ്ഥിരവുമായ തടയണകളുടെ നിർമാണവും നടക്കുന്നുണ്ട്. വരുംമാസങ്ങളിൽ വരൾച്ച കടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രവർത്തനം ഊർജിതമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശും വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിലും അറിയിച്ചു. ജലസംഭരണത്തിലൂടെ ഭൂഗർഭജലനിരപ്പ് ഉയർത്താനും കുടിവെള്ളക്ഷാമവും കൃഷി നേരിടുന്ന ജലപ്രതിസന്ധിയും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ജലസംരക്ഷണ പ്രവർത്തനത്തിൽ മുഴുവൻ ജനങ്ങളുടെയും സഹകരണവും പഞ്ചായത്ത് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home