വൻ സുരക്ഷാ വീഴ്ച ഏഴിമല നാവിക കേന്ദ്രത്തിൽ ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ

പയ്യന്നൂർ ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽ വൻ സുരക്ഷാ വീഴ്ച. നാവിക അക്കാദമിക്കകത്ത് വ്യാജരേഖകളോടെ ഒരു വർഷത്തോളമായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് പൗരൻ പിടിയിലായി. ബംഗ്ലാദേശ് പൗരത്വം മറച്ചുവച്ച് മതിയായ രേഖകളോ വിസയോ ഇല്ലാതെ താമസിച്ചുവരികയായിരുന്ന മുർഷിദാബാദ് നബാഗ്രാമിലെ ബിപ് ലോബ് സോറൻ (32) ആണ് നാവികസേന അധികൃതരുടെ പിടിയിലായത്. അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ കരാർ തൊഴിലാളിയാണ് ഇയാൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് യുവതികൾ ഉൾപ്പെടെയുള്ള ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇയാളുടെ പെരുമാറ്റത്തിൽ അധികൃതർക്ക് സംശയമുണ്ടായതിനെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൊൽക്കത്ത സ്വദേശിനിയായ ഭാര്യയും അക്കാദമിയിൽ ക്ലീനിങ് സെക്ഷനിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. പ്ലസ് ടു വിദ്യാഭ്യാസം നേടിയശേഷം അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഭാര്യയുടെ ബന്ധുവിന്റെ സഹായത്തോടെയാണ് അക്കാദമിയിൽ കരാർ തൊഴിലാളിയായി എത്തിയത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് ബംഗ്ലാദേശ് പൗരത്വവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തി. തുടർന്ന് പ്രാഥമിക നടപടികൾ പൂർത്തിയാക്കി പ്രതിയെ പയ്യന്നൂർ പൊലീസിന് കൈമാറി. രാജ്യത്തിന്റെ തന്ത്രപ്രധാന നാവിക കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയിൽ വിപുലമായ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.








0 comments