ad
Deshabhimani

ഉദുമയുടെ കരുതൽധനം

ഉദുമ വനിതാ സർവീസ് സഹകരണസംഘത്തിന്റെ ചപ്പാത്തി മെയ്‌ക്കിങ്‌ യൂണിറ്റ്‌

ഉദുമ വനിതാ സർവീസ് സഹകരണസംഘത്തിന്റെ ചപ്പാത്തി മെയ്‌ക്കിങ്‌ യൂണിറ്റ്‌

avatar
നരായണൻ കരിച്ചേരി

Published on Mar 08, 2026, 02:00 AM | 2 min read

ഉദുമ

ഉദുമ വനിതാ സർവീസ് സഹകരണസംഘം​ അക്കങ്ങളുടെയും ലാഭനഷ്ടങ്ങളുടെയുംകണക്കുപുസ്തകമല്ല, ആയിരക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും അതിജീവനത്തിന്റെയും പരസ്പര സഹകരണത്തിന്റെയും കരുത്തുറ്റ പ്രഖ്യാപനവും പ്രസ്ഥാനവുമാണ്. മികച്ച വനിതാ സഹകരണ സർവീസ് സംഘത്തിനുള്ള സംസ്ഥാന പുരസ്കാരം അഞ്ചുതവണയും ഇവരെ തേടിയെത്തിയത് ചെറിയ കാര്യമല്ല. കൂടാതെ നിരവധി അംഗീകാരങ്ങൾ സംഘത്തിന് ലഭിച്ചിട്ടുണ്ട് ​1999-ലാണ് ഈ ചരിത്ര യാത്രയുടെ തുടക്കം. ചെറിയൊരു ​വാടക കെട്ടിടത്തിൽനിന്ന്തുടങ്ങിയ പ്രസ്ഥാനത്തിന്‌ ഇന്ന് നാല് ശാഖകളും അയ്യായിരത്തിലധികം അംഗങ്ങളുമുണ്ട്‌. പ്രസിഡന്റ്‌ വി വി ശാരദയുടെയും സെക്രട്ടറി ബി കൈരളിയുടെയും നേതൃത്വത്തിനുകീഴിൽ, 48 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന വലിയൊരു പ്രസ്ഥാനമായി മാറി. 51 കോടിയുടെ നിക്ഷേപവും 46 കോടി യുടെ വായ്പാ ആസ്തിയുമുണ്ട്‌. ​നീതിയുണ്ട്, 
‘യുവാക്കോ’യുടെ 
രുചിയുമുണ്ട് പെൺകരുത്തിന്റെ ബ്രാൻഡ് ​ഉദുമ വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വെറുമൊരു ബാങ്കിങ്ങിൽ ഒതുങ്ങുന്നില്ല, 'യുവാക്കോ' എന്ന ബ്രാൻഡിലൂടെ അവർ ജീവിതത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെ കൈയൊപ്പ് ചാർത്തുന്നു. ശുദ്ധമായ ഭക്ഷണം ജനങ്ങളിലെത്തിക്കാൻ 'യുവാക്കോ' കാറ്ററിങ്‌ യൂണിറ്റ്, കേക്ക് ആൻഡ് ബേക്ക് യൂണിറ്റ്, ചപ്പാത്തി, പൊറോട്ട യൂണിറ്റ്, വനിതാ ഹോട്ടൽ എന്നിവയും പ്രവർത്തിക്കുന്നു. കൂടാതെ നീതി മെഡിക്കൽസ്, ലാബ്, ക്ലിനിക്‌ എന്നിവയും നടത്തിവരുന്നു. മരുന്നുകൾക്ക് 10 മുതൽ 50 ശതമാനം വരെ ഇളവുണ്ട്‌. ജിസ്മി ബ്രാൻഡുകളിൽ സോപ്പും ഫിനോയിലും നിർമിക്കുന്നതിനൊപ്പം സ്റ്റിച്ചിങ സെന്റർ, ബ്യൂട്ടി പാർലർ, പശു ഫാം, മില്ലറ്റ് പ്രോസസിങ് യൂണിറ്റ്, ഹോട്ടലുകൾ തുടങ്ങി സ്ത്രീകളുടെ തൊഴിൽ സാധ്യതകളെ വൻതോതിൽ  വർധിപ്പിക്കാൻ കുടുംബശ്രീക്ക്‌  വായ്പ നൽകി. ​മണ്ണറിഞ്ഞ്, 
വിണ്ണോളം ​കാർഷിക സംസ്കൃതി വീണ്ടെടുക്കാനും ഇടപെടലുണ്ട്‌. ഹരിതം സഹകരണം പദ്ധതിയിലൂടെ മാങ്ങാട് വയലിലെ 20 ഏക്കർ തരിശുഭൂമിയിൽ നെൽകൃഷി ഇറക്കി അവർ ഹരിതവിപ്ലവത്തിന് തുടക്കമിട്ടു. വിഷരഹിത പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഉത്സവ ചന്തകളിലൂടെ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സംഘത്തിന് സാധിക്കുന്നു. കരുതലും 
കാവലുമായി ​സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഈസംഘം നൽകുന്ന സേവനങ്ങൾ സമാനതകളില്ലാത്തതാണ്. സ്കൂളുകളിൽ വെസ്റ്റ് ബോക്സുകൾ വിതരണം ചെയ്തും, ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിച്ചും, വിദ്യാർഥികൾക്ക് കംപ്യൂട്ടർ വാങ്ങാൻ സഹായം നൽകിയും വിദ്യാഭ്യാസ മേഖലയിൽ മാതൃകയാകുന്നു. പൊലീസിന്റെ സഹായത്തോടെ ‘നിർഭയ' എന്ന പേരിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനം നൽകി കരുത്തേകുന്നു.വനിതകളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ 500 -ഇൽ അധികം ഇരുചക്ര വാഹനങ്ങളാണ് കുറഞ്ഞ പലിശയിൽ വായ്പയായി നൽകിയത്. ‘മുറ്റത്തെ മുല്ല' പദ്ധതിയിലൂടെ സാധാരണക്കാരെ ബ്ലേഡ് പലിശക്കാരുടെ കൊള്ളപ്പലിശയിൽ നിന്നും മോചിപ്പിക്കാൻ സംഘത്തിനായി. ഉദുമ മാർക്കറ്റ് റോഡ് (മെയിൻ ബ്രാഞ്ച്), പാലക്കുന്ന്, മാങ്ങാട്, ഉദുമ ടൗൺ ശാഖകളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home