പുതുജീവിതമേകി പുനർഗേഹം
പ്രത്യാശയുടെ തീരത്ത് ഹനീഫയും കുടുംബവും

കുമ്പള
മഴക്കാലമായാല്‍ ഇവരുടെ ഉള്ളില്‍ തീയാണ്. തിരമാലയുടെ വേഗം കൂടിയാല്‍ എല്ലാം തീരുമെന്ന ആധി. സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ വീട് ലഭിച്ചതോടെ പുതുജീവന്‍ കിട്ടിയ സന്തോഷത്തിലാണ് പെറുവാട് കടപ്പുറത്തെ ഹനീഫയും ഉമ്മയും ഭാര്യ ആയിഷയും നാലു മക്കളുമടങ്ങുന്ന കുടുംബം. സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന പുനര്‍ഗേഹം എന്ന തീരദേശ പുനരധിവാസ പദ്ധതിയിലൂടെ കോയിപ്പാടി നാരായണ മംഗലത്ത് ഒന്നാംഘട്ടത്തില്‍ സുഭദ്രം ഫ്ലാറ്റ് സമുച്ചയത്തിൽ വീട് ലഭിച്ച 24 കുടുംബങ്ങളില്‍ ഒന്നാണ് ഹനീഫയുടേത്. 47 വര്‍ഷമായി കുടുംബം കഴിയുന്നത് ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ്. കടലില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തിലാണ് വീട്. മഴക്കാലത്ത് വീട് ചോര്‍ന്നോലിക്കും. തിര ഒന്നിളകി വന്നാല്‍ വീട് തകരും. തൊട്ടടുത്ത അനിയന്റെ വീട്ടിലാണ് ഹനീഫയും കുടുംബവും പലപ്പോഴും ചെലവഴിച്ചത്. ഹനീഫയും ആണ്‍മക്കളും കടത്ത് വഞ്ചിയില്‍ പോയി മീന്‍ പിടിച്ചുവിറ്റാണ് ഉപജീവനം നടത്തുന്നത്. ഇനി ഏത് മഴയെയും വേലിയേറ്റത്തെയും ഭയക്കാതെ സുരക്ഷിതമായ തണലില്‍ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് ഹനീഫയും കുടുംബവും. കടൽത്തീരത്ത് ആധിയിൽ കഴിഞ്ഞ ഹനീഫയെപ്പോലെ നിരവധി കുടുംബങ്ങളാണ് ഇങ്ങനെ സുരക്ഷിതമായ വീടുകളിൽ താമസം തുടങ്ങിയത്. വേലിയേറ്റ രേഖയില്‍നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിനാണ് പദ്ധതി വിഭാവനംചെയ്തത്. റവന്യൂ വകുപ്പില്‍നിന്നും ഫിഷറീസ് വകുപ്പിന് കൈമാറി ലഭിച്ച 1.93 ഏക്കര്‍ ഭൂമിയില്‍ 23.20 കോടി രൂപ അടങ്കല്‍ തുകയിലാണ് ഭവന സമുച്ചയത്തിന്റെ നിര്‍മാണം നടക്കുന്നത്. ആകെ 120 വ്യക്തിഗത ഫ്ലാറ്റുകള്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായ 24 ഫ്ലാറ്റുകളാണ് ഇപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.










0 comments