ഉദിച്ചുയർന്ന് ഉദുമ ടെക്‌സ്‌റ്റൈൽ മിൽ

മൈലാട്ടിയിലെ ഉദുമ ടെക്‌സ്‌റ്റൈൽ മിൽ

സ്വന്തം ലേഖകൻ
Published on Nov 26, 2025, 02:00 AM | 2 min read
ഉദുമ
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കാര്യക്ഷതയുടെയും പ്രതീകമാണ് ഉദുമ സ്പിന്നിങ് മിൽ. പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് എങ്ങനെ ഒരു പൊതുമേഖല സ്ഥാപനം വിജയകരമായി നടപ്പാക്കാമെന്നതിന് ഉത്തമോദാഹരണം. യുഡിഎഫ് ഭരണകാലത്ത് പല പൊതുമേഖല സ്ഥാപനങ്ങളും ലാഭനഷ്ടത്തിന്റെ പേരിൽ അടച്ചുപൂട്ടിയെങ്കിലും എൽഡിഎഫ് സർക്കാർ വ്യവയായ വകുപ്പിന്റെ കീഴിൽ നിരവധി സ്ഥാപനങ്ങൾ ആരംഭിച്ച് വിജയിപ്പിച്ചെടുത്തതിന്റെ ചരിത്രം നിരവധിയാണ്. അതിലൊന്നാണ് പൊയിനാച്ചിയിൽ ദേശീയപാതയ്ക്ക് മൂന്നുകിലോമീറ്റർ പടിഞ്ഞാറായി മൈലാട്ടിയിൽ പ്രവർത്തിക്കുന്ന മിൽ. പ്രതീക്ഷയുടെ വെളിച്ചമായി എട്ടുവർഷം പിന്നിടുകയാണ് ഈ വ്യവസായ സ്ഥാപനം. മൂലധനശോഷണവും അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റവും കാരണം ടെക്സ്റ്റൈൽ മില്ലുകൾ പലതും അടച്ചുപൂട്ടിയപ്പോഴും 142 ജീവനക്കാരുമായി വിജയകരമായി മുന്നോട്ടുപോകുന്നു. 2011 ജനുവരി 28ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം മില്ലിന് തുടക്കം കുറിച്ചെങ്കിലും പിന്നീട് വന്ന യുഡിഎഫ് സർക്കാർ വേണ്ടതാൽപര്യം കാണിക്കാതെ പ്രവർത്തനമാരംഭിക്കാൻ വൈകി. പിന്നീട് 2018 ഒക്ടോബർ 29ന് അന്നത്തെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്ത് പ്രവൃത്തിയാരംഭിച്ചു. പ്രതിദിനം 2500 കിലോനൂൽ എന്ന നിലയിൽ 90 ശതമാനത്തിന് മേലെയാണ് ശരാശരി ഉൽപാദനം. പരുത്തിയുടെ വില കുത്തനെ കൂടിയതിനാൽ കോട്ടൺ നൂലിന് പകരം പോളിസ്റ്റർ- കോട്ടൺ ബ്ലൻഡഡ് നൂലാണ് ഉൽപാദിപ്പിക്കുന്നത്. കോട്ടൺ ബോർഡ് ഗുണമായി ടെക്സ്റ്റൈൽ മില്ലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മില്ലുകളിലേക്ക് വിളവെടുപ്പ് സമയത്ത് വിലക്കുറവിൽ ഗുണമേന്മയുള്ള പരുത്തി വാങ്ങുന്നതിനും പരുത്തിയുടെ ലഭ്യത ഉറപ്പാക്കാനും കോട്ടൺബോർഡ് രൂപീകരിച്ചത് ഉദുമ മില്ലിന് സഹായകമായി. കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് ഗുണമേന്മയുള്ള പരുത്തി വാങ്ങി കോട്ടൺബോർഡ് മില്ലുകൾക്ക് നൽകുന്നുമുണ്ട്. മഹാരാഷ്ട്രയിലെ വീവിങ് മില്ലുകളിലേക്കാണ് ഉദുമ മില്ലിലെ നൂൽ പ്രധാനമായും പോകുന്നത്. നൂലിന് മെച്ചപ്പെട്ട വില ലഭിക്കാൻ ഓൺലൈൻ സെയിൽസ് ഫ്ലാറ്റ്ഫോം ബിപിടിയുടെ നേതൃത്വത്തിൽ സി-ഡിറ്റ് മുഖേന നടപ്പാക്കുന്നത് ഭാവിയിൽ ഗുണംചെയ്യും. അസംസ്കൃതവസ്തുവായ പോളിസ്റ്റർ ഫൈബർകൂടി കോട്ടൺബോർഡ് മുഖേന ഇപ്പോൾ ലഭിക്കുന്നു. 75 കോടി രൂപ ലഭ്യമാക്കി കോട്ടൺ ബോർഡ് മുഖേന നേരിട്ട് പരുത്തി വാങ്ങി സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്ക് നൽകാൻ സർക്കാർ പദ്ധതി തയ്യാറാക്കി പലതവണ ടെൻഡർ വിളിച്ചെങ്കിലും കുറഞ്ഞവിലയിൽ പരുത്തി ലഭിക്കാത്തത് കാരണം നടപടി എങ്ങുമെത്തിയിട്ടില്ല. ഇതേത്തുടർന്നാണ് കോട്ടൺ കോർപ്പറേഷനിൽനിന്ന് പരുത്തി വാങ്ങി മില്ലുകൾക്ക് നൽകാൻ നടപടിയുണ്ടായത്. പ്രതിസന്ധിയിലും പിടിച്ചുനിന്നു കോവിഡിനെതുടർന്ന് നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ തിരുവനന്തപുരം വിജയമോഹിനി മിൽസ്, അളഗപ്പ ടെക്സ്റ്റൈൽ മിൽ തൃശ്ശൂർ, കേരള ലക്ഷ്മി മിൽസ് തൃശൂർ, കാനന്നൂർ സ്പിന്നിങ് മിൽ തുടങ്ങിയവ അടച്ചുപൂട്ടിയിരുന്നു. 2021 മുതൽ ഇവ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും പിടിച്ചുനിൽക്കാനായില്ല. എന്നാൽ കോവിഡിന് തൊട്ടുമുന്പ് തുറന്ന മിൽ പ്രതിസന്ധിയെ അതിജീവിച്ചത് സംസ്ഥാനസർക്കാരിന്റെ സഹായത്താലും നിരന്തര ഇടപെടലിനെത്തുടർന്നുമാണ്. വേണം സൗരോർജ നിലയം സൗരോർജനിലയം വന്നാൽ മിൽ ലാഭത്തിലാകും. ഇതിനായി സർക്കാർ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. മില്ലിന്റെ വളർച്ചയും ഇവിടുത്തെ ജീവനക്കാരുടെ തൊഴിൽസുരക്ഷിതത്വവുമാണ് സർക്കാർ ലക്ഷ്യം. മയിലാട്ടിയിൽ ഒരുദിവസം മിൽ മൂന്നു ഷിഫ്റ്റിൽ പ്രവർത്തിക്കാൻ 12,000 യൂണിറ്റ് വൈദ്യുതി വേണം. പ്രതിമാസം 25 ലക്ഷത്തിലധികം രൂപ വൈദ്യുതി ബില്ലാകുന്നു. ഇത് ബാധ്യതയാകുന്നു. സോളാർപാനൽ സ്ഥാപിക്കാൻ വേണ്ട എട്ടേക്കർ സ്ഥലവും മൈലാട്ടിയിലുണ്ട്.










0 comments