ad
Deshabhimani

പൊറുതിമുട്ടി മലയോരവാസികൾ; ഒഴിയാതെ കാട്ടാനകൾ

പാണത്തൂർ പാറക്കടവിൽ കാട്ടാന നശിപ്പിച്ച ശ്യാമള രവിയുടെ കൃഷിയിടം
വെബ് ഡെസ്ക്

Published on Aug 14, 2025, 03:00 AM | 1 min read

രാജപുരം

മലയോരത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷം. നിരവധി കർഷകരുടെ വിളകൾ കൂട്ടത്തോടെ നശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ആന ശല്യത്തിന് കുറവുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം കൂട്ടത്തോടെ എത്തിയ കാട്ടാന കണ്ണിൽ കണ്ടത് മുഴുവനും നശിപ്പിച്ചാണ് മടങ്ങിയത്. വർഷങ്ങളായി കർഷകർ അധ്വാനിച്ചുണ്ടാക്കിയ കവുങ്ങ്, തെങ്ങ്, വാഴ, റബർ ഉൾപ്പെടെ വ്യാപകമായി നശിപ്പിച്ചു. പാണത്തൂർ പാറക്കടവിലാണ് കഴിഞ്ഞ രാത്രിയിൽ കാട്ടാന ഇറങ്ങി കൃഷിനാശം വരുത്തിയത്. ശ്യാമള രവിയുടെ കൃഷി സ്ഥലം പൂർണമായും തകർത്തു. പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി, പാറക്കടവ്, കമ്മാടി, പാണത്തൂർ, അടുക്കം, റാണിപുരം, മാവുങ്കാൽ, പന്തിക്കാൻ, വട്ടയകയം, പരിയാരം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനയെത്തിയത്‌. ആദ്യകാലങ്ങളിൽ രാത്രി മാത്രം എത്തിയിരുന്ന കാട്ടാന ഇപ്പോൾ പകൽ സമയത്തും ജനവാസ കേന്ദ്രങ്ങളിൽ തമ്പടിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനയെ ഉൾക്കാട്ടിലേക്ക് പറഞ്ഞുവിടുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ ദിവസം കഴിയുന്നതോടെ വീണ്ടും അവ തിരിച്ചെത്തും. ജീവന് ഭീഷണിയാകുന്ന വിധമാണ് കാട്ടാനകളുടെ വിളയാട്ടം. പകൽ സമയത്ത്‌ ഇറങ്ങുന്ന കാട്ടാന കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. സ്കൂൾ വിദ്യാർഥികൾ പോകുന്ന വഴിയിലും കാട്ടാന തമ്പടിക്കുന്നത് പതിവാണ്. കാട്ടാനയെ ഭയന്ന് വിദ്യാർഥികളെ സ്കൂളിലേക്ക് പറഞ്ഞുവിടാൻ പോലും മടിക്കുകയാണ്‌. വനം വകുപ്പും പനത്തടി പഞ്ചായത്തും കാട്ടാനയെ തടയാൻ നടപടിക സ്വീകരിക്കുന്നുണ്ടെങ്കിൽ പൂർണമായും തടയാൻ കഴിഞ്ഞിട്ടില്ല. കോടികൾ മുടക്കി വനമേഖലയിലും അതിർത്തി പ്രദേശങ്ങളിലും മുള്ളുവേലികളും സോളാർ കമ്പിവേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം തകർത്താണ് ആന എത്തുന്നത്. ചിലയിടങ്ങളിൽ സോളാർ വേലികളുടെ പ്രവർത്തനം നിലച്ചതും കാട്ടാന എത്താൻ കാരണമാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home