ad
Deshabhimani

കരയ്‌ക്കടുക്കുന്നു

പ്രതിരോധത്തിന്റെ ‘കപ്പൽ’

കപ്പൽ നാടകത്തിൽനിന്ന്‌

കപ്പൽ നാടകത്തിൽനിന്ന്‌

avatar
നാരായണൻ കരിച്ചേരി

Published on Jan 28, 2026, 02:30 AM | 1 min read

ഉദുമ

നാടുമുഴുവൻ നാടകക്കാർ, നാടകം മനസിലലിഞ്ഞവർ, അവർ നാടിനെതിരെയുള്ള നീക്കങ്ങളുടെ വൻ തിരതള്ളലിനെ പിൻമാറ്റി അത്യധ്വാനത്തിന്റെ കൂട്ടായ്‌മയിൽ ഒരു ‘കപ്പൽ’ കരയ്‌ക്കടുപ്പിച്ചാലോ. അത്‌ പുതിയ കാഴ്‌ചയാകും. സമകാലിക ലോകത്തിന്റെ നേർക്കാഴ്ചയാകും. ഇങ്ങനെ ബേവൂരിക്കാർ വാർത്തെടുത്ത ‘കപ്പൽ’ നാടകം നാടിന്റെ അരങ്ങാകുന്നു. ഉദുമ ബേവൂരി സൗഹൃദ വായനശാലയിൽ ജില്ലാ ലൈബ്രറി ക‍ൗൺസിൽ സംഘടിപ്പിച്ച നാടക കളരിയിൽനിന്നാണ് കപ്പലിന്റെ പിറവി. ഇത്തവണ സംസ്ഥാന അമച്വർ നാടക മത്സരത്തിലേക്കും കപ്പൽ തെരഞ്ഞെടുക്കപ്പെട്ടു. വിശാലമായ കടലിൽ പണ്ടെങ്ങോ പൂർവികർക്ക് നഷ്ടപ്പെട്ടുപോയ നിധി തേടിയുള്ള കപ്പൽയാത്ര. കപ്പിത്താനുമാത്രം അറിയാവുന്ന നിധി. യാത്ര എങ്ങോട്ടെന്നോ, എന്തിനെന്നോ അറിയാത്ത സഹസഞ്ചാരികൾ. ഏകാധിപതിയായ കപ്പിത്താൻ യാത്രയ്ക്കിടെ തന്റെ വർഗസ്വഭാവം വീണ്ടെടുക്കുന്നു. ഒന്നുമറിയാതെ അനുസരിക്കേണ്ടിവരുന്ന സഹപ്രവർത്തകർ. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സമകാലിക ഫാസിസ്റ്റ് വ്യവസ്ഥയെയും അധികാരികളെയും കൃത്യമായി വരച്ചുകാട്ടുകയാണ്‌ നാടകം. ഓളങ്ങളും തിരമാലകളും ഉണ്ടെങ്കിലും നീലാകാശം പോലെ അനന്തമായി കിടക്കുന്ന കടലിൽ എവിടെയാണ് യാത്ര അവസാനിക്കുക എന്നറിയാത്ത പാവം സഹസഞ്ചാരികൾ. ഇതെല്ലാം ആധുനിക മനുഷ്യന്റെ ചിന്താധാരയുടെ ചില ഉദാഹരണങ്ങളായും കപ്പലിൽ പരിണമിക്കുന്നു. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതികൾ, പഴയ കാലത്തേക്കുള്ള തിരിച്ചുപോക്ക്, ഭരണഘടന തന്നെ തിരുത്തപ്പെടുന്ന കാലഘട്ടം ഇവയെല്ലാം ഒന്നര മണിക്കൂറിൽ നാടകം വരച്ചുകാട്ടുന്നു. പെരുമ്പള സ്വദേശിയായ യുവനാടകകാരൻ പ്രശോഭ് ബാലനാണ് സംവിധായകൻ. റഫീക് മണിയങ്കാനം പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന നാടകത്തിൽ ജില്ലയിലെ പ്രമുഖ നടീ-നടന്മാർ അണിനിരക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home