ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
എല്ലാവര്‍ക്കും ഭൂമി എല്ലാഭൂമിക്കും രേഖ

കാസർകോട്
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍വേ വകുപ്പിന് കീഴില്‍ ജില്ലയില്‍ നടക്കുന്ന ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നാലാംഘട്ടത്തിലേക്ക് കടക്കുന്നു. ജില്ലയില്‍ 50644.977 ഹെക്ടര്‍ സ്ഥലം സര്‍വേ നടത്തി അളന്നുതിട്ടപ്പെടുത്തി. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്നത് 2021 ലാണ്. 2022ല്‍ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 18 വില്ലേജുകളില്‍ 91115 കൈവശങ്ങളിലായി 10188.0173 ഹെക്ടര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തി. രണ്ടാംഘട്ടത്തില്‍ 19 വില്ലേജുകളില്‍ 176467 കൈവശങ്ങളില്‍ 35271.1882 ഹെക്ടര്‍ സ്ഥലവും മൂന്നാംഘട്ടത്തില്‍ ഉള്‍പെടുത്തിയിരിക്കുന്ന 12 വില്ലേജുകളിലെ എട്ട് വില്ലേജുകളില്‍ 25493 കൈവശങ്ങളില്‍ 5185.772ഹെക്ടര്‍ സ്ഥലവുമാണ് അളന്നുതിട്ടപ്പെടുത്തിയത്. 32 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തീകരിച്ചു. 12 വില്ലേജുകള്‍ റവന്യൂ ഭരണത്തിന് കൈമാറുകയുംചെയ്തു. സര്‍ക്കാര്‍ ഭൂമിയാണോ സ്വകാര്യഭൂമിയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം നിയമക്കുരുക്കുകളില്‍പെട്ടു കിടക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഇത്തരത്തിലുള്ള എല്ലാ തലവേദനകള്‍ക്കും പരിഹാരമാണ് ഡിജിറ്റല്‍ സര്‍വേ. ചങ്ങല വലിച്ചും ടോട്ടല്‍ സ്റ്റേഷന്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും നടന്ന സര്‍വ്വേയെ കൂടുതല്‍ വേഗത്തിലും കൃത്യതയിലും നവീകരിച്ചു കൊണ്ടാണ് സാറ്റലൈറ്റ് സഹായത്തോടെ ഡിജിറ്റല്‍ സര്‍വ്വേ എന്ന ഈ പുത്തന്‍ സാങ്കേതികവിദ്യ നിലവില്‍ വന്നത്. ഡിജിറ്റല്‍ സര്‍വേ നടത്തി അളന്നുതിട്ടപ്പെടുത്തിയ ഭൂമിക്ക് ചുറ്റും അദൃശ്യ ഡിജിറ്റല്‍ വേലി രൂപപ്പെടുകയും ഇത് കൈയേറ്റങ്ങളിൽനിന്നും അതിര്‍ത്തി തര്‍ക്കങ്ങളില്‍നിന്നും ഭൂവുടമയെ സംരക്ഷിക്കുകയുംചെയ്യും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മഞ്ചേശ്വരം താലൂക്കിലെ ഉജാര്‍ ഉള്‍വര്‍ എന്ന വില്ലേജിലാണ് രാജ്യത്താദ്യമായി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചത്. സാറ്റലൈറ്റ് സിഗ്‌നല്‍ സഹായത്തോടെ ഡിജിറ്റല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന ആര്‍ടികെ എന്ന ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിനായി തലപ്പാടി, ദേലംപാടി, പള്ളിക്കര എന്നിങ്ങനെ മൂന്ന് കോര്‍ സ്റ്റേഷനുകള്‍ ജില്ലയിലുണ്ട്.









0 comments