ജില്ലയിലെ വന്യമൃഗ ശല്യം
തുരുന്പെടുക്കരുത്, മയക്കുവെടി സംവിധാനം

കെ വി രഞ്‌ജിത്
Published on Jun 03, 2026, 02:25 AM | 1 min read
കാസർകോട്
ജില്ലയിൽ വന്യമൃഗശല്യം രൂക്ഷമാകുകയും ജനവാസമേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവാകുകയും ചെയ്യുമ്പോൾ, അവയെ പിടികൂടാനുള്ള വനം–-മൃഗസംരക്ഷണ വകുപ്പുകളുടെ മയക്കുവെടി സംവിധാനങ്ങൾ പാളുന്നു. നിലവിലുള്ള ഉപകരണങ്ങൾ പഴകിയതും വനംവകുപ്പ് – മൃഗസംരക്ഷണ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയുമാണ് അടിയന്തര സാഹചര്യങ്ങളിൽ വന്യമൃഗങ്ങളെ നേരിടുന്നതിനുള്ള പ്രതിസന്ധിയുണ്ടാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിനുകീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾക്ക് നൽകിയ മയക്കുവെടി തോക്കുകളിൽ പലതും പഴക്കമുള്ളതാണ്. ഒരാഴ്ചയ്ക്കിടെ മാത്രം ജില്ലയിൽ കാട്ടുപോത്ത്, ആന, പുലി, കാട്ടുപന്നി തുടങ്ങിയവ ജനവാസ മേഖലയിലിറങ്ങിയ 12 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം ചെറുവത്തൂർ ടൗണിനടുത്ത് അറവുശാലയിൽ നിന്നിറങ്ങിയോടിയ കാട്ടുപോത്തിന്റെ ശൗര്യമകറ്റാൻ വെറ്ററിനറി സർജൻ വച്ച മയക്കുവെടി കൊണ്ടെങ്കിലും പോത്ത് മയങ്ങാൻ വൈകിയത് ഉപകരണങ്ങളുടെയും മരുന്നിന്റെയും പഴക്കം വ്യക്തമാക്കുന്നു. മൃഗങ്ങളെ മയക്കാൻ വെടിവെക്കാൻ ഉപയോഗിക്കുന്ന നിലവിലുള്ള മിക്ക ട്രാങ്ക്വിലൈസർ ഗണ്ണുകളും കാലഹരണപ്പെട്ടതാണ്. ഇവയുടെ റേഞ്ച് 30 മീറ്ററിൽ താഴെയാണ്. മയക്കുവെടിക്കുള്ള ക്സിലാമിൻ കെറ്റാമൈൻ ( Xylazine-Ketamine) മിശ്രിതത്തിന്റെ സ്റ്റോക്ക് പലയിടത്തും തീർന്നു. മയക്കുവെടി വയ്‌ക്കാൻ വെറ്ററിനറി ഡോക്ടർമാർക്ക് പരിശീലനം ലഭിക്കുന്നതും കുറവ്. ജില്ലയിൽ ശരാശരി രണ്ടുപേർ മാത്രമാണ് പരിശീലനം ലഭിച്ചവരുള്ളത്. ഇവർക്കുലഭിക്കുന്ന തോക്കിന്റെ സ്പെയർ പാർട്സുകൾ ഇപ്പോൾ കിട്ടാനുമില്ല. തകരാറിലായ തോക്കുകൾക്ക് പാർട്സ് കിട്ടാനില്ല. ആധുനിക ഡാൻ ഇൻജെക്ട് മോഡൽ തോക്കുകൾ വാങ്ങണമെന്നാണ് ഉദ്യോഗസ്ഥർ റയുന്നത്. പരിഹരിക്കണം, പരിശീലനമില്ലായ്മ സാങ്കേതിക തകരാറുകൾക്കുപുറമേ, മയക്കുവെടി വയ്ക്കാൻ ലൈസൻസുള്ള വിദഗ്ദ്ധരായ വെറ്ററിനറി ഡോക്ടർമാരുടെയോ ഉദ്യോഗസ്ഥരുടെയോ കുറവും ജില്ല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജില്ലകളിൽനിന്നോ ഡിവിഷനുകളിൽ നിന്നോ വിദഗ്ദ്ധരെ എത്തിക്കേണ്ടിവരുന്നത് സമയനഷ്ടത്തിനും കാരണമാകുന്നു. കാലതാമസം പലപ്പോഴും മൃഗങ്ങൾ കൂടുതൽ അക്രമാസക്തരാകാനോ ജനവാസമേഖലകളിൽനിന്ന് ഉൾക്കാടുകളിലേക്ക് മാറി രക്ഷപ്പെടാനോ ഇടയാക്കുന്നു. പുതിയ ഉപകരണങ്ങൾ വാങ്ങാനും കൂടുതൽ ഡോക്ടർമാർക്ക് പരിശീലനം നൽകാനും സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് വനാതിർത്തി പ്രദേശത്തെ ജനങ്ങളുടെയും വനം, മൃഗസംരക്ഷണ വുകപ്പ് ഉദ്യോഗസ്ഥരുടെയും ആവശ്യം.










0 comments