ad
Deshabhimani

പരിഗണനയില്ല

പ്രതിഷേധം കടുപ്പിച്ച് 
യൂത്ത്‌ കോൺഗ്രസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 21, 2026, 02:00 AM | 2 min read

കാസർകോട്‌

അത്രയ്‌ക്കും പ്രതീക്ഷനൽകിയിട്ടും ജില്ലയിൽ ഒരിടത്തുപോലും യുവനേതാക്കളെ പരിഗണിക്കാതിരുന്നതിൽ യൂത്ത്‌ കോൺഗ്രസിൽ വ്യാപക പ്രതിഷേധം. സംസ്ഥാന ജനറൽസെക്രട്ടറി ജോമോൻ ജോസഫും ഡിസിസി വൈസ്‌ പ്രസിഡന്റുകൂടിയായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ബി പി പ്രദീപ്‌ കുമാറും അവസാന നിമിഷംവരെ പ്രതീക്ഷയിലായിരുന്നു. സംസ്ഥാന നേതൃത്വത്തിൽനിന്ന്‌ ഉറപ്പുലഭിച്ചതിനെത്തുടർന്ന്‌ പ്രദീപ്‌ കുമാറിനുവേണ്ടി സമൂഹമാധ്യമങ്ങളിൽ ഉദുമ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി എന്ന രീതിയിൽ വ്യാപക പ്രചാരണവും നടന്നിരുന്നു. നിലവിൽ തൃക്കരിപ്പൂരിൽ സ്ഥാനാർഥിയായി നിശ്‌ചയിച്ച മണ്ഡലം മുഴുവൻ ഓടി നടക്കുന്ന ജോമോനെ പരിഗണിക്കാത്തതിൽ യൂത്ത്‌ കോൺഗ്രസ്‌ അണികൾ മുഴുവൻ പ്രതിഷേധത്തിലാണ്‌. കെട്ടിയിറക്കിയ സ്ഥാനാർഥി സന്ദീപ്‌ വാര്യർക്കുവേണ്ടി പ്രചാരണത്തിനിറങ്ങേണ്ടെന്നാണ്‌ ഇ‍ൗസ്‌റ്റ്‌ എളേരി, വെസ്‌റ്റ്‌ എളേരി മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ തീരുമാനം. ഇതേ സ്ഥിതിയാണ്‌ ഉദുമയിലും. മുൻ ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിമാരായ കെ നീലകണ്‌ഠൻ, ബാലകൃഷ്‌ണൻ പെരിയ എന്നിവരും ഇവിടെ സ്ഥാനാർഥിത്വത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ മണ്ഡലത്തിൽ മുഴുവൻ സജീവമായിരുന്ന ബി പി പ്രദീപ് കുമാർ സ്ഥാനാർഥിയാകുമെന്നുറപ്പിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ വ്യാഴം രാത്രി സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ ആകെ നിരാശരായി. സ്ഥാനാർഥിയാകാനുള്ള പ്രദീപിന്റെയും ഹക്കീമിന്റെയും നീക്കം പൊളിക്കാൻ എല്ലാനിലയ്‌ക്കും ശ്രമിച്ച്‌ സമുദായവാദവും തുരുപ്പ്‌ ചീട്ടാക്കിയാണ്‌ അവസാന നിമിഷം നീലകണ്‌ഠൻ സ്ഥാനാർഥിയായത്‌. തൃക്കരിപ്പൂരിൽ ബാലകൃഷ്‌ണൻ പെരിയയയെ വെട്ടാൻ ഇടപെട്ട രാജ്‌ മോഹൻ ഉണ്ണിത്താൻ എംപി ഉദുമയിലും സീറ്റിന്റെ കാര്യത്തിൽ അവസാന നിമിഷം പ്രദീപ്‌ കുമാറിനെ മാറ്റി നീലകണ്‌ഠനുവേണ്ടി രംഗത്തെത്തിയെന്നാണ്‌ വിവരം. ​താമരക്കുമ്പിൾ പിഴുതെറിയും ‘ഗാന്ധിയെ ചെറുതായി ഒന്നുവെടിവച്ചു കൊന്നയാളെന്നു’ പറഞ്ഞ സന്ദീപ്‌ വാര്യരെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കിയതിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ്‌, മുസ്ലിംലീഗണികൾക്കിടയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്‌. ബിജെപിവിട്ട്‌ കോൺഗ്രസിൽ എത്തി ഇപ്പോൾ തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥിയായ സന്ദീപ്‌ വാര്യരെ തിരിഞ്ഞുകൊത്തുകയാണ്‌ പഴയ വർഗീയ പരാമർശങ്ങൾ. മുസ്ലിംവിരുദ്ധമായ നിരവധി പരാമർശങ്ങളാണ്‌ സന്ദീപ്‌ ബിജെപി വ്യക്താവായിരുന്നപ്പോൾ നടത്തിയത്‌. ഒറ്റയടിക്ക്‌ കോൺഗ്രസിലേക്ക്‌ മാറിയെങ്കിലും സന്ദീപ്‌ കടുത്ത മുസ്ലിം വിരുദ്ധനും വർഗീയ വാദിയുമാണെന്നാണ് തൃക്കരിപ്പൂരിലെ ലീഗ്‌ പ്രവർത്തകർ പറയുന്നത്‌. വർഗീയവാദിയയാൾ കോൺഗ്രസിലെത്തി തൃക്കരിപ്പൂരിൽ സ്ഥാനാർഥിയായത്‌ മണ്ഡലത്തിന്റെ മതേതരമുഖം തകർക്കാനാണെന്നും യൂത്ത്‌ ലീഗ്‌ പ്രവർത്തകർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home