വികസനവീഥി കണ്ടില്ലേ കാലം മാറി, സീനും മാറി

നിർമാണം പൂർത്തിയാകുന്ന ചെരണത്തലപ്പാലം
സുരേഷ് മടിക്കൈ
Published on Mar 21, 2026, 02:00 AM | 1 min read
മടിക്കൈ
സീൻ ഒന്ന്
മഴക്കാലത്ത് മാനൂരിച്ചാൽ നിറഞ്ഞൊഴുകും. കവുങ്ങുകൾ കൂട്ടിക്കെട്ടി നാട്ടുകാർ നിർമിച്ച നടപ്പാലത്തിനൊപ്പം വെള്ളമുയരും. ചിലപ്പോൾ പാലം ഒലിച്ചുപോവും. ഇതോടെ ഇരുഭാഗത്തുമുള്ള കുടുംബങ്ങൾ ഒറ്റപ്പെടും. ചെരണത്തല ജിഎൽപി സ്കൂളിലേക്കുള്ള കുട്ടികളും ഇതുവഴിയാണ് പോകേണ്ടത്. രണ്ടുകിലോമീറ്റർ അകലെയുള്ള കൊടുവക്കുന്ന റോഡ് പാലം, മൂലപ്പള്ളി നടപ്പാലം എന്നിവയാണ് ഇക്കാലത്ത് അക്കരെയെത്താനുള്ള മറ്റൊരു വഴി. അരക്കിലോമീറ്റർ അകലെയുള്ള ചെരണത്തല സ്കൂളിലേക്ക് ഇതുവഴി അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാലേ കുട്ടികൾക്ക് എത്താനാകൂ. മുന്പ് പാലം കടക്കവെ ഒരുകുട്ടി ചാലിൽവീണ് ഒഴുക്കിൽപെട്ടപ്പോൾ കൂടെയുണ്ടായിരുന്ന അമ്മയാണ് രക്ഷപ്പെടുത്തിയത്.
സീൻ രണ്ട്
ഇതൊരു നാടിന്റെ സ്വപ്നസാക്ഷാത്കാരമാണ്. മറുകരയെത്താൻ സുരക്ഷിത പാലം, എട്ടുമീറ്റർ വീതിയിൽ മെക്കാഡം അപ്രോച്ച് റോഡ്. മാനൂരി, ചെരണത്തല പ്രദേശത്തെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് റോഡുമായി ബന്ധിപ്പിക്കുന്ന ചെരണത്തലയിൽ 129.5 മീറ്റർ നീളമുള്ള ഇരുവശത്തും നടപ്പാതയോടുകൂടി 11 മീറ്റർ വീതിയിൽ പാലം യാഥാർഥ്യമായി. പുഴയിൽനിന്ന് ഒമ്പതുമീറ്റർ ഉയരത്തിൽ അഞ്ച് സ്‌പാനുകളിലായി അൽപം വളവോടുകൂടിയുള്ള പാലം. പത്ത് കോടി രൂപ ചെലവിലാണ് നിർമാണം. കയ്യൂർ റോഡിനെ എരിക്കുളം, പൂത്തക്കൽ, അമ്പലത്തുകര വഴി ബന്ധിപ്പിച്ച് സമാന്തര പാതയൊരുക്കാനുതകും. എരിക്കുളത്തുനിന്ന് ചെരണത്തല വരെ രണ്ടുകിലോമീറ്ററും ഇവിടെനിന്ന് പുഴകടന്നാൽ ചായ്യോത്ത് റോഡിലേക്ക് 1.5 കിലോമീറ്ററുമാണ് ദൂരം. നിർദിഷ്ട പടന്നക്കാട്–വെള്ളരിക്കുണ്ട് പാതയിലെ എരിക്കുളത്തേക്കാണ് ഇതുവഴി പ്രവേശിക്കുക. ചായ്യോത്ത് മുതൽ കിഴക്കു ഭാഗത്തേക്കുള്ളവർക്ക് ചെരണത്തല പാലം വന്നതോടെ അരയി വഴി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും വേഗമെത്താം. ചെരണത്തല എൽപി സ്കൂളിലേക്ക് മറുകരയിൽനിന്ന് സ്കൂൾ ബസുർപ്പെടെ ഏർപ്പാടാക്കി കുട്ടികളെ മാനൂരിച്ചാൽ കടന്ന് എത്തിക്കാനും പാലം സഹായിക്കും. ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്റെ ഇടപെടലിൽ പാലത്തിന് ആറുകോടി വകയിരുത്തിയിരുന്നെങ്കിലും രൂപരേഖ തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതിനാൽ തുക നഷ്ടമായി. പിന്നീട് ബജറ്റിൽ അഞ്ചുകോടി നീക്കിവച്ചെങ്കിലും തികയില്ലെന്ന് സർക്കാരിനെ അറിയിച്ചതിനെത്തുടർന്നാണ് തുക 10 കോടിയാക്കിയത്. 2024 ഫെബ്രുവരി 24 നാണ് കരാർ എഗ്രിമെന്റ്. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് കരാർ.










0 comments