പഠിക്കാം, നിർമിക്കാം, വിൽക്കാം സാധ്യതകൾ കുടചൂടുന്നു

ചെറുവത്തൂർ ബിആർസി സംഘടിപ്പിച്ച പരിശീലനത്തിൽ പങ്കെടുത്തവർ തങ്ങൾ നിർമിച്ച കുടയുമായി

സ്വന്തം ലേഖകൻ
Published on May 13, 2026, 02:31 AM | 1 min read
പിലിക്കോട്
മഴയ്ക്ക് ഒരു സംഗീതമുണ്ട്. ഓടിന് മേൽ താളം പിടിക്കുന്ന, ഇലയിൽ ചിലമ്പണിയുന്ന, മണ്ണിന് സുഗന്ധം കൊടുക്കുന്ന സംഗീതം. ആ സംഗീതം നനയാതെ ആസ്വദിക്കാൻ, മഴത്തുള്ളികളെ തലയിൽ ചൂടി നടക്കാൻ, നമുക്കൊരു കൂട്ടുണ്ട് – കുട. അങ്ങനെയൊരു കുട, സ്വന്തം കൈ കൊണ്ട് നെയ്തെടുത്താലോ? ആ സ്വപ്നത്തിന് കമ്പികൾ കൂട്ടിമുട്ടിക്കുകയായിരുന്നു എസ്എസ്‌കെയുടെ ചെറുവത്തൂർ ബിആർസി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന കുട നിർമാണ പരിശീലന പരിപാടി വെറുമൊരു തൊഴിൽ പരിശീലനമല്ല. അതൊരു ആത്മവിശ്വാസത്തിന്റെ നിർമാണമായിരുന്നു. സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവെപ്പായിരുന്നുവെന്ന് ബിപിസി വി വി സുബ്രമണ്യൻ പറഞ്ഞു. തൊഴിലധിഷ്ഠിത നൈപുണി വികസനം, ഉപജീവന മാർഗം, ഹരിത സൗഹൃദ ഉൽപന്ന നിർമാണം എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. കുടയുടെ ഫ്രെയിം അസംബ്ലിങ്, തുണി, തെരഞ്ഞെടുക്കലും തുന്നലും, ഹാൻഡിലും നോബും ഫിറ്റ്ചെയ്യൽ, ഗുണനിലവാര പരിശോധനയും ഫിനിഷിങ്ങും, പാക്കിങ്ങ്, ബ്രാൻഡിങ് വിപണനം തുടങ്ങിയവയെല്ലാം പഠിച്ചു. മഴക്കാലം വരുമ്പോൾ കടയിൽനിന്ന് കുട വാങ്ങുക മാത്രമല്ല, മഴക്കാലത്തിന് മുമ്പേള്ള കൊടും വെയിലത്ത് തണലേകാൻ കൂടി കുട ഉണ്ടാക്കി വിൽക്കുക കൂടിയാണ് ചെറുവത്തൂർ ബിആർസി പഠിപ്പിക്കുന്നത്. കമ്പിയും തുണിയുംചേർന്ന് നിവരുമ്പോൾ, അത് ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ് നിവർന്നത്. സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തിലാണ് അധ്യാപകർക്കായി കുട നിർമാണ ശിൽപശാല സംഘടിപ്പിച്ചത്. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ കേരളം ചെറുവത്തൂർ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ വി വി സുബ്രഹ്മണ്യൻ, ബിആർസി ട്രെയിനർ യു സതീശൻ എന്നിവർ സംസാരിച്ചു.










0 comments