ad
Deshabhimani

ശസ്ത്രക്രിയക്കിടെ ഒമ്പതുകാരന്റെ 
മരണം: പ്രതിഷേധം ശക്തം

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ മരിച്ച മുഹമ്മദ് 
ഇയാസിന്റെ ബാപ്പ അഷ്റഫ് സഖാഫി മോർച്ചറിക്ക് മുമ്പിൽ

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ മരിച്ച മുഹമ്മദ് 
ഇയാസിന്റെ ബാപ്പ അഷ്റഫ് സഖാഫി മോർച്ചറിക്ക് മുമ്പിൽ

avatar
സ്വന്തം ലേഖകൻ

Published on Jul 16, 2026, 02:21 AM | 2 min read

കാസർകോട്

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതു വയസ്സുകാരൻ മരിച്ചതിൽ പ്രതിഷേധം ഉയരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് ഏവരും ആവശ്യപ്പെടുന്നത്. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രിയിൽ ഉണ്ടാവാൻ പാടില്ലാത്ത സംഭവമാണ് ജനറൽ ആശുപത്രിയിൽ സംഭവിച്ചത്. ശസ്ത്രക്രിയയിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അത് അറിയാനാവൂ. ബേഡകം തലേക്കുന്നിലെ അഷറഫ് സഖാഫിയുടെയും ബുഷ്റയുടെയും മകൻ മുഹമ്മദ് ഇയാസാ(9)ണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. പൊക്കിളിൽ വീക്കം അനുഭവപ്പെട്ടതിനെ തുടർന്ന്‌ ചികിത്സയിലായിരുന്നു ഇയാസ്‌. ഡോക്ടർ ശസ്‌ത്രക്രിയ നിർദേശിച്ചതിനെ തുടർന്ന്‌ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്‌തത്‌. മൈനർ ശസ്‌ത്രക്രിയയെന്നാണ്‌ ഡോക്ടർ അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിക്ക്‌ അനസ്‌തീഷ്യ നൽകിയിരുന്നതായി പറയുന്നു. ബുധൻ പകൽ 12 ഓടെ കുട്ടി മരിച്ചതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ശസ്‌ത്രക്രിയ സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും ബന്ധുക്കൾ പറഞ്ഞു. അഷറഫ് സഖാഫിയുടെ മൂന്ന് മക്കളിൽ ഇളയവനാണ് മരിച്ച ഇയാസ്. മകന്റെ വിയോഗം താങ്ങാനാവാതെ ദുഖഭാരത്തോടെയായിരുന്നു അദ്ദേഹം. സംഭവമറിഞ്ഞ് നിരവധി പേർ ആശുപത്രിയിലെത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഇ പത്മാവതി, എം സുമതി, ഏരിയ സെക്രട്ടറി ടി എം എ കരീം, ബേഡഡുക്ക പഞ്ചായത്ത് ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ആശുപത്രിയിലെത്തി.


ആശുപത്രിയിലേക്ക് ഇന്ന്‌ ഡിവെെഎഫ്ഐ മാര്‍ച്ച്

കാസർകോട്‌

ശസ്‌ത്രക്രിയക്ക്‌ വിധേയനായ ബേഡകം തലേക്കുന്നിലെ ഒമ്പതു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10 ന്‌ കാസർകോട്‌ ജനറല്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പ്രകടനം പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിക്കും. കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥി മുഹമ്മദ് ഇയാസാണ് കാസർകോട്‌ ജനറൽ ആശുപത്രിയിൽ മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്‌ കുട്ടി ആശുപത്രിയില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായത്. കുട്ടിയുടെ രക്ഷിതാക്കളും ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്‌ധ പോസ്റ്റുമോര്‍ട്ടം നടത്തി സമഗ്രാന്വേഷണം നടത്തണം. വിദ്യാര്‍ഥിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാര തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആരോഗ്യ രംഗത്ത് തുടർച്ചയായി ചികിത്സാ പിഴവുകള്‍ ഉയര്‍ന്നുവരികയാണ്. സാധാരണക്കാരന്റെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യത തകര്‍ക്കും വിധം അടിക്കടി ഉയര്‍ന്നുവരുന്ന അനാസ്ഥയില്‍ കര്‍ശന നടപടി ഉണ്ടാകണം..


സമഗ്രാന്വേഷണം വേണം: എം രാജഗോപാലൻ

കാസർകോട്‌

കാസർകോട്‌ ജനറൽ ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ ഒന്പതുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ആവശ്യപ്പെട്ടു. ബേഡകം തലേക്കുന്ന്‌ സ്വദേശിയായ അഷറഫ്‌ സഖാഫിയുടെ മകൻ മുഹമ്മദ് ഇയാസിന്റെ മരണം അത്യന്തം വേദനാജനകമാണ്. ഒന്പതു വയസ്സുമാത്രം പ്രായമുള്ള ഇയാസ്‌ പൊക്കിളിൽ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ്‌ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക്‌ വിധേയനായത്‌. കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. മരണം സംബന്ധിച്ച്‌ വിദഗ്ധ മെഡിക്കൽ സംഘം അന്വേഷണം നടത്തണം. ഏറ്റവും മികച്ച ചികിത്സയും പരിഗണനയും ലഭിച്ചിരുന്നവയാണ്‌ നമ്മുടെ സർക്കാർ ആശുപത്രികൾ. അവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്‌. എം രാജഗോപാലൻ പ്രസ്‌താവനയിൽ പറഞ്ഞു. സംഭവത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാൻ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം ബേഡകം ഏരിയാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ബേഡകം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മരണത്തിൽ കുടുംബം ആശങ്ക അറിയിച്ചിട്ടുണ്ട്‌. അത്‌ ദൂരീകരിക്കണം. വിദ്യാര്‍ഥിയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നല്‍കണം. പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home