അനധികൃത മീൻപിടിത്തം
കർണാടകബോട്ട് പിടികൂടി; 2.5 ലക്ഷം രൂപ പിഴയിട്ടു

അനധികൃത മീൻപിടിത്തത്തിനിടെ പിടികൂടിയ കർണാടക ബോട്ട്

സ്വന്തം ലേഖകൻ
Published on Mar 03, 2026, 02:00 AM | 1 min read
കാസർകോട്
അനധികൃതമായി മീൻപിടിച്ചതിന് കർണാടകബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴയീടാക്കി. ഫിഷറീസ് വകുപ്പും- മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ട് പിടി കൂടിയത്. വെള്ളി രാത്രി കാസർകോട് തെക്കുഭാഗംതീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രികാല ട്രോളിങ്ങ് നടത്തിയതിനും മതിയായ രേഖകൾ ഇല്ലാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽനിന്നുള്ള എച്ച്എംടി ഫിഷറീസ് എന്ന ബോട്ടുടമയ്‌ക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ ചുമത്തിയത്. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്മെന്റ് വിങ്ങിലെ സിപിഒ അർജുൻ, റെസ്ക്യു ഗാർഡ്മാരായ അജീഷ്‌കുമാർ, ശിവകുമാർ, ജയദേവൻ, സ്രാങ്ക് മുഹമ്മദ് ഇക്‌ബാൽ, ഡ്രൈവർ വിനോദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയരക്ടർ എ ജി അനിൽകുമാർ അറിയിച്ചു.









0 comments